പ്രളയ സഹായം ലഭിച്ചവർക്കും ലൈഫിൽ 4 ലക്ഷം : മുഖ്യമന്ത്രി

Thursday 09 February 2023 1:17 AM IST

 പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: പ്രളയ കാലത്ത് വീടു തകർന്നതിനും അറ്റകുറ്റപ്പണിക്കും ധനസഹായം ലഭിച്ചവർക്കും ലൈഫ് ഭവന പദ്ധതിയിലെ സർക്കാർ സഹായമായ നാലു ലക്ഷം രൂപയും നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

പ്രളയ സഹായം കുറച്ച് ബാക്കിയാണു ലൈഫിൽ നൽകുന്നതെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ലൈഫ് പദ്ധതി കാത്തിരിപ്പ് പദ്ധതിയാക്കിയെന്നും മൂന്നുവർഷമായി മുടങ്ങിയെന്നും തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ കവരുന്നതായും ആരോപിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

ലൈഫിൽ 3.23 ലക്ഷത്തിലേറെ വീടുകൾ പൂർത്തിയാക്കിയെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. 3,23,894 വീടുകൾ കൈമാറി. ഒന്നാം പിണറായി സർക്കാർ 2,61,131 വീടുകൾ പൂർത്തിയാക്കി. 469 കുടുംബങ്ങൾക്കു ഫ്ലാറ്റ് നല്‍കി. 54,589 വീട് നിർമാണം നടക്കുന്നു. 10,000 പേർ എഗ്രിമെന്റ് വയ്ക്കാനുണ്ട്. 179 ഫ്ലാറ്റുകൾ ഉടൻ കൈമാറും. വിഴിഞ്ഞത്ത് 400 മത്സ്യത്തൊഴിലാളി ഫ്ലാറ്റുകളുടെ നിർമാണത്തിന് 10ന് കല്ലിടും. ഇവർക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
ലൈഫിൽ പഞ്ചായത്തുകളുടെ അധികാരം സർക്കാർ കവർന്നെന്നും ഇതു തിരികെ നൽകണമെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച മുസ്ലീം ലീഗിലെ പി.കെ. ബഷീർ ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം സർക്കാർ കവർന്നിട്ടില്ലെന്നും ലൈഫ് ഗുണഭോക്താക്കളെ തദ്ദേശ സ്ഥാപനങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്നും മന്ത്രി മറുപടി നൽകി. നാലു ലക്ഷം രൂപയിൽ 2.4 ലക്ഷം രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ വായ്പാ വിഹിതമായും ഒരു ലക്ഷം ധനസഹായമായും നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

മലപ്പുറത്തെ അനാഥരായ മൂന്ന് കുട്ടികളെ ലൈഫ് പട്ടികയിൽ ഉൾപ്പെടുത്താത്തത് കുടുംബത്തിന് സ്വന്തമായി കോൺക്രീറ്റ് വീടുള്ളതിനാലെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഒരു റേഷൻ കാർഡിലായി ഒമ്പത് പേരാണ് കുടുംബത്തിലുള്ളത്. ഈ കാർഡിലാണ് ഇവർക്കു വീടുള്ളത്.

അനാഥ പെൺകുട്ടികളെ ലൈഫിൽ ഉൾപ്പെടുത്താൻ ചട്ടമില്ലെന്നം വിവാഹിതരായാലേ വീടു നൽകാനാവൂ എന്നും ലൈഫ് ഉദ്യോഗസ്ഥർ പറഞ്ഞതായി പി.കെ. ബഷീർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മറുപടി.

Advertisement
Advertisement