വനിതാ സുഹൃത്ത് വീട്ടുതടങ്കലിലെന്ന പരാതി: സ്വവർഗാനുരാഗിയായ യുവതിയുടെ മൊഴിയെടുത്തു

Thursday 09 February 2023 1:25 AM IST

കൊല്ലം: സ്വവർഗാനുരാഗിയായ യുവതിയെ ബന്ധുക്കൾ വീട്ടുതടങ്കലിലാക്കിയെന്ന ഹർജിയിൽ സുഹൃത്തായ യുവതിയിൽ നിന്ന് കൊല്ലം കുടുംബകോടതി ജഡ്ജി മൊഴിയെടുത്തു.

സുപ്രീംകോടതി നിർദേശത്തെ തുടർന്നായിരുന്നു മൊഴിയെടുക്കൽ. വീട്ടുതടങ്കലിലാണെന്ന് ആരോപിച്ച യുവതിയുടെ മൊഴിരേഖപ്പെടുത്തി മുദ്രവച്ച കവറിൽ നൽകാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.

യുവതിയുടെ ആഗ്രഹം എന്താണെന്നും വീട്ടിൽ തടവിലാക്കിയിരിക്കുകയാണോ എന്നതും ചോദിച്ചറിയാനാണ്‌ സുപ്രീം കോടതി നിർദേശിച്ചത്. യുവതി സ്വതന്ത്രയായും നീതിപൂർവമായുമാണ് വിവരങ്ങൾ നൽകുന്നതെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചിരുന്നു. രക്ഷിതാക്കളോടും സുഹൃത്തുക്കളോടുമൊപ്പം ബനധനാഴ്ച വൈകുന്നേരം യുവതി കോടതിയിലെത്തി. മൊഴിരേഖപ്പെടുത്തൽ രണ്ട് മണിക്കൂറോളം നീണ്ടു. സുപ്രീംകോടതി ഇ- കമ്മിറ്റി അംഗവും ജില്ല ജഡ്ജിയുമായ സലീന വി.ജി.നായർ ഓൺലൈനിൽ യുവതിയുമായി സംസാരിച്ചു.

ജനുവരി ഒമ്പതിനാണ്‌ കേസിനാസ്പദമായ സംഭവം. ജിം ഇൻസ്ട്രക്ടറും സംഗീതത്തിൽ ബിരുദാനന്തര ബിരുദധാരിയുമായ യുവതികൾ ചെറുപ്പം മുതലേ അടുപ്പക്കാരായിരുന്നു. സുഹൃത്തിന്റെ ബന്ധുക്കൾ പിരിയാൻ പ്രേരിപ്പിക്കുന്നതായി തോന്നിയതിനെ തുടർന്നാണ് ഹർജിക്കാരി കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ ഹേബിയസ്‌ കോർപ്പസ് ഹർജി നൽകിയപ്പോൾ തടവിലാക്കപ്പെട്ടെന്ന് പറയുന്ന യുവതിക്ക് കൗൺസലിംഗ് നൽകണം എന്നതടക്കം ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വന്നു. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീംകോടതിയെ സമീപിച്ചത്.