കാരുണ്യ പദ്ധതി: ആശുപത്രികളോട് കാരുണ്യം പോര  395 കോടിയുടെ കുടിശിക

Thursday 09 February 2023 1:29 AM IST

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) പ്രകാരം പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകിയ വകയിൽ ഗവൺമെന്റ്, സ്വകാര്യ ആശുപത്രികൾക്കായി സർക്കാർ നിൽകാനുള്ളത് 395 കോടിയുടെ കുടിശിക. സ്വകാര്യ ആശുപത്രികൾക്ക് (മൂന്നുമാസം) 110 കോടിയും സർക്കാർ ആശുപത്രികൾക്ക് (രണ്ടര വർഷം) 285 കോടിയോളവും. രണ്ടാഴ്ച മുമ്പ് 200 കോടി അനുവദിച്ചെങ്കിലും തികഞ്ഞില്ല. പദ്ധതി നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ) രണ്ട് മുതൽ പത്ത് കോടി രൂപാവരെ ഇതിൽ നിന്ന് ആശുപത്രികൾക്ക് നൽകി. ക്ലൈയിം രജിസ്റ്റർ ചെയ്താൽ 15 ദിവസത്തിനകം പണം നൽകുമെന്ന സർക്കാർ ഉറപ്പാണ് പാലിക്കപ്പെടാത്തത്.

കോട്ടയം മെഡിക്കൽ കോളേജ് 78 കോടി, തിരു.മെഡിക്കൽ കോളേജ് 87, കോഴിക്കോട് മെഡിക്കൽ കോളേജ് 70 കോടി എന്നിങ്ങനെയാണ് ഉയർന്ന തുക കുടിശികയുള്ള സർക്കാർ ആശുപത്രികൾ.

സ്വന്തം നിലയിൽ ശമ്പളം ഉൾപ്പെടെ നൽകേണ്ട ആർ.സി.സി, മലബാർ കാൻസർ സെന്റർ എന്നിവയ്ക്ക് നൽകാനുള്ളത് 50 കോടിയിലധികം രൂപ. മറ്റ് ചെലവിനുള്ള പണം ഉൾപ്പെടെ വിനിയോഗിച്ചാണ് ഈ സ്ഥാപനങ്ങൾ സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. കുടിശിക പെരുകിയാൽ സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകും.


കാരുണ്യ പദ്ധതി

ഇതുവരെ

സർക്കാർ ആശുപത്രികൾ....... 195

സ്വകാര്യ ആശുപത്രികൾ.... 542

ഗുണഭോക്താക്കൾ...... 14,36,932

ലഭിച്ച അപേക്ഷകൾ...... 35,71,953

ക്ലൈമുകൾ.................... 3,51,859

കുടിശിക

ഗവ. ആശുപത്രികൾ.... 285 കോടി

സ്വകാര്യ ആശുപത്രികൾ... 110 കോടി

''15 ദിവസത്തിനുള്ളിൽ പണം നൽകുമെന്ന ഉറപ്പ് പാലിക്കപ്പെടുന്നില്ല. കുടിശിക വേഗത്തിൽ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

-ഡോ.ഹുസൈൻ കോയ തങ്ങൾ,

പ്രസിഡന്റ്, കേരള പ്രൈവറ്റ്

ഹോസ്പിറ്റൽസ് അസോസിയേഷൻ

Advertisement
Advertisement