തുർക്കി, സിറിയ ഭൂകമ്പം: ആദരാഞ്ജലി അർപ്പിച്ച് നിയമസഭ

Thursday 09 February 2023 1:29 AM IST

തിരുവനന്തപുരം: ആയിരക്കണക്കിന് ജീവനുകൾ നഷ്ടമാക്കിയ തുർക്കി,സിറിയ ഭൂകമ്പത്തിൽ ആദരാഞ്ജലി അർപ്പിച്ച് നിയമസഭ. ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രകൃതി ദുരന്തമാണ് തുർക്കിയിലും പശ്ചിമ സിറിയയിലും കഴിഞ്ഞ ദിവസമുണ്ടായതെന്നും സമാനതകളില്ലാത്ത ദുരന്തമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

അവിടെ വൻതോതിലുള്ള നാശനഷ്ടമുണ്ടായി. നമ്മുടെ രാജ്യത്തും പ്രകൃതിദുരന്തങ്ങൾ മുൻപുണ്ടായിട്ടുണ്ട്. ലോകത്ത് എവിടെയായാലും മനുഷ്യൻ നേരിടുന്ന ഇത്തരം ദുരന്തങ്ങൾ നമ്മെ അഗാധമായ ദുഖത്തിലാഴ്ത്തുന്നു. ഈ അവസരത്തിൽ സ്തബ്‌ധരായിരിക്കാതെ നമ്മളാൽ കഴിയുന്ന എല്ലാവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെടുകയെന്നതാണ് എക്കാലത്തും നമ്മൾ സ്വീകരിച്ചിട്ടുള്ള രീതി. തുർക്കി-സിറിയയിലെ ഭൂകമ്പബാധിത പ്രദേശങ്ങളിൽ അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങളും വൈദ്യസഹായവും എത്തിക്കാൻ നമ്മുടെ രാജ്യം ഇതിനകം തയാറെടുത്തു കഴിഞ്ഞു. ഇക്കാര്യത്തിൽ നമ്മുടെ സംസ്ഥാനത്തെക്കൊണ്ട് സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ നാം സന്നദ്ധരാണെന്നും. അപരെ പൂർവസ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ലോകത്തോടൊപ്പം നമ്മുടെ നാടും കൈകോർക്കേണ്ടതുണ്ടെന്നും പ്രമേയത്തിൽ മുഖ്യമന്ത്രി പറഞ്ഞു.