നിറുത്തിവച്ച സർവീസുകൾ പുനഃരാരംഭിക്കും: മന്ത്രി

Thursday 09 February 2023 1:41 AM IST

തിരുവനന്തപുരം: കൊവിഡിനെത്തുടർന്ന്‌ നിറുത്തിവച്ച സർവീസുകൾ ഘട്ടംഘട്ടമായി പുനഃരാരംഭിക്കുമെന്ന്‌ ഗതാഗത മന്ത്രി ആന്റണി രാജു. മഹാമാരിയുടെ സാഹചര്യത്തിൽ കെ.എസ്‌.ആർ.ടി.സിയെ ആശ്രയിച്ചിരുന്നവരുടെ എണ്ണം 35ലക്ഷത്തിൽ നിന്ന്‌ പകുതിയായി കുറഞ്ഞു. ഇതിൽ വർദ്ധനവുണ്ടായിട്ടില്ല. ഒമ്പത്‌ ജില്ലകളിൽ ആരംഭിച്ച ഗ്രാമവണ്ടി പദ്ധതി രാജ്യത്തിന്‌ മാതൃകയായി. ദേശീയാംഗീകാരം നേടിയ പദ്ധതിയുടെ മാതൃകയിൽ മറ്റ്‌ സംസ്ഥാനങ്ങളിൽ പൊതുഗതാഗത സംവിധാനമൊരുക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്‌. പാറശാല,കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിൽ ആദ്യം അനുവദിച്ചതിന്‌ പുറമെ ഒരു ഗ്രാമവണ്ടി കൂടി സർവീസ്‌ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ബജറ്റിൽ 2037.51കോടി രൂപയായിരുന്നു കെ.എസ്‌.ആർ.ടി.സിക്ക്‌ മാറ്റിവച്ചതെങ്കിൽ ഇക്കുറി 1312കോടിയായി കുറയ്‌ക്കാനായത് കെ.എസ്‌.ആർ.ടി.സി മെച്ചപ്പെടുന്നതിന്റെ സൂചനയാണെന്നും. സ്‌പെയർ പാർട്‌സിന്റെ വിലവർദ്ധനയും ഡീസലിന്റെ ബൾക്ക്‌ പർച്ചേസ്‌ കേന്ദ്രം ഒഴിവാക്കിയതിലൂടെയുള്ള 500കോടിയുടെ അധിക ബാദ്ധ്യതയുമുണ്ടായിട്ടും സർക്കാർ സഹായം 735കോടിയാണ് കുറയ്‌ക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറിൽ 222കോടിയിലധികം രൂപയുടെ ടിക്കറ്റ്‌ വരുമാനം നേടി റെക്കോർഡിട്ടു. ഇത്‌ സ്ഥായിയാക്കാൻ വൈവിദ്ധ്യവൽക്കരണവും വിപുലീകരണവും നടക്കുന്നുണ്ട്‌. കെ.എസ്‌.ആർ.ടി.സി.യിൽ ഇ.ആർ.പി സിസ്റ്റം നടപ്പാക്കി അക്കൗണ്ടിംഗ് വിഭാഗം വിപുലീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.ബാങ്ക്‌ നടപടികൾ പൂർത്തിയാക്കി പണം കെ.എസ്‌.ആർ.ടി.സിയുടെ അക്കൗണ്ടിലെത്താൻ സ്വാഭാവിക കാലതാമസമുണ്ടാകുന്നതിനാലാണ്‌ ചില മാസങ്ങളിൽ അഞ്ചിന്‌ ശേഷം ശമ്പളം വിതരണം ചെയ്യേണ്ടി വരുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.