കേരള നിയമസഭ വീണ്ടും രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

Thursday 09 February 2023 1:42 AM IST

തിരുവനന്തപുരം: ഇ-നിയമസഭ ആപ്പിന്റെ ഒന്നാം ഘട്ടം പ്രവർത്തന സജ്ജമായതോടെ കേരള നിയമസഭ വീണ്ടും രാജ്യത്തിന് മാതൃകയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കേരള നിയമസഭയിൽ കൊണ്ടുവന്ന വിവിധ പരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും നടപടികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആധുനിക സാങ്കേതികവിദ്യയുടെ വികാസത്തിനനുസരിച്ച് നിയമസഭാ നടപടിക്രമങ്ങളിൽ വേഗതയും സുതാര്യതയും ചടുലതയും ഉറപ്പാക്കുന്നതാകും ഇ-നിയമസഭ ആപ്പ് എന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. കഴിയുന്നത്ര വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നിയമസഭാ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ ജനങ്ങൾക്ക് എത്തിക്കുന്നതിന് പുതിയ സംവിധാനം ഉപകരിക്കും.

നിയമസഭാ പ്രസംഗങ്ങൾ,ചോദ്യങ്ങൾ, മറുപടികൾ,ഉപചോദ്യങ്ങൾ,മറ്റ് രേഖകൾ എന്നിവ സാമാജികർക്ക് ഇതു വഴി ലഭ്യമാകും. മാദ്ധ്യമപ്രവർത്തകർക്കും നിയമസഭാ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കർ എ.എൻ ഷംസീർ അദ്ധ്യക്ഷത വഹിച്ചു. കേരള നിയമസഭ പുതിയ കുതിപ്പിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എം.എൽ.എമാരുടെ ഹാജർ മുഴുവൻ കമ്പ്യൂട്ടറിലേക്ക് മാറ്റി. ചോദ്യങ്ങൾ ചോദിക്കാൻ സാമാജികർക്ക് പഴയതുപോലെ കൈ പോക്കണ്ട ആവശ്യമില്ല,അവർക്ക് മുന്നിലെ സ്‌ക്രീനിൽ വിരൽ അമർത്തിയാൽ മതിയാകുമെന്ന് സ്പീക്കർ പറഞ്ഞു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ഐ.ടി വിഭാഗമായ യു.എൽ.ടി.എസാണ് നിയമസഭ രൂപകല്പന ചെയ്തിട്ടുള്ളത്.

ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,നിയമസഭാ സെക്രട്ടറി എ. എം ബഷീർ,ചീഫ് വിപ്പ് ഡോ. എൻ ജയരാജ്,ഇ ചന്ദ്രശേഖരൻ എം.എൽ.എ എന്നിവർ സംസാരിച്ചു.