കലോത്സവ വേദിയിൽ കല്യാണ മേളം
നദീമിനും കൃപയ്ക്കും പ്രണയ സാഫല്യം
കൊച്ചി: നദീമിന്റെയും കൃപയുടെയും അഞ്ചു വർഷം നീണ്ട പ്രണയത്തിന് എം.ജി യൂണിവേഴ്‌സിറ്റി
കലോത്സവത്തിനിടെ സാഫല്യം. 2014-17ൽ മഹാരാജാസ് കോളേജിലെ ഡിഗ്രി പഠനസമയത്തെ പ്രണയം ഇന്നലെ മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫീസീൽ പൂവണിഞ്ഞു. ബാക്കി ചടങ്ങുകൾക്കായി ഇരുവരുമെത്തിയത് കലോത്സവ വേദിയായ മഹാരാജാസിൽ.
മട്ടാഞ്ചേരി സ്വദേശി കെ.കെ.നദീമും പനങ്ങാട് സ്വദേശിനി സി.ആർ. കൃപയും തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. നദീമിന്റെ ബന്ധുക്കൾക്ക് വിവാഹത്തിന് സമ്മതമായിരുന്നെങ്കിലും കൃപയുടെ വീട്ടിൽ എതിർസ്വരങ്ങൾ ഉയർന്നു. അങ്ങനെയാണ് ഇരുവരും രജിസ്റ്റർ വിവാഹത്തിന് തീരുമാനിച്ചത്. ജനുവരി ഏഴിന് അപേക്ഷ നൽകിയ ഇവർക്ക് ഫെബ്രുവരി എട്ടിന് രജിസ്ട്രാർ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം ലഭിച്ചത്. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം കോളേജിൽ കൂടാമെന്ന് ഇരുവരും സുഹൃത്തുക്കളും പദ്ധതിയിട്ടു. അതിനിടെ കലോത്സവം എത്തിയത് യാദൃച്ഛികമായി.
27കാരായ ഇരുവരും ഇന്നലെ മട്ടാഞ്ചേരിയിലെ ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം മഹാരാജ് കോളേജിലെത്തി. തങ്ങളുടെ സ്‌നേഹം വളർത്തിയ സെന്റർ സർക്കിളിലെ മാലാഖ കുളത്തിന് സമീപമായിരുന്നു ബാക്കിയുള്ള ആഘോഷം. പ്രണയിച്ചു നടന്നുതീർത്ത നടപ്പാതകളെയും ഉറ്റ ചങ്ങാതിമാരെയും സാക്ഷിയാക്കി ഇരുവരും പരസ്പരം ഹാരമണിയിച്ചു... പ്രതിജ്ഞ ചൊല്ലി...കേക്ക് മുറിച്ചു...കൂട്ടുകാർക്ക് മധുരം വിളമ്പി.
ചുക്കാൻ പിടിച്ച്
ചങ്കുകൾ
നൂറ് കണക്കിന് വിദ്യാർത്ഥികളാണ് മഹാരാജാസിലെ ചടങ്ങുകൾക്ക് സാക്ഷിയാകാനെത്തിയത്. നദീമിന്റെയും കൃപയുടെയും സുഹൃത്തുക്കളായ നിഷാദ്, നജീഷ്, അനുപ്രിയ എന്നിവർ നേതൃത്വം നൽകി. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് നദീം. പൂത്തോട്ട ശ്രീനാരായണ ലാ കോളേജിലെ നിയമ വിദ്യാർത്ഥിയാണ് കൃപ.ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാനായത് ഏറെ സന്തോഷം നൽകുന്നുവെന്ന്
നദീം പറഞ്ഞു.