മോദി രാജ്യത്തിന്റെ സമ്പദ്ഘടന തകർക്കുന്നു : ജി.ദേവരാജൻ

Thursday 09 February 2023 2:44 AM IST

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കുകയാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ പറഞ്ഞു. കോഴിക്കോട് ടൗൺഹാളിൽ നടന്ന ഫോവേഡ് ബ്ലോക്ക് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അദാനിയുടെ കമ്പനികൾ കള്ളക്കണക്കുകൾ കാട്ടി വിപണി മൂല്യം പെരുപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ വാർത്ത പുറത്തു വന്നപ്പോൾ പത്തു ലക്ഷം കോടി രൂപയാണ് പൊതു വിപണിക്ക് നഷ്ടമായത്. പൊതു ജനങ്ങളുടെ ഇടയിൽ വിശ്വാസ്വതയുണ്ടായിരുന്ന എൽ.ഐ.സി യുടെയും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെയും വിശ്വാസ്യതയ്ക്കാണ് കോട്ടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിൽ നടക്കുന്ന 19ാം പാർട്ടി കോൺഗ്രസിലേയ്ക്ക് കേരളത്തിൽ നിന്നും 40 പ്രതിനിധികളെ തിരഞ്ഞെടുത്തു.അഡ്വ.ടി. മനോജ് കുമാറിനെ (കണ്ണൂർ) സംസ്ഥാന ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. കളത്തിൽ വിജയൻ (ആലപ്പുഴ) ഫിനാൻസ് സെക്രട്ടറിയായി 81 അംഗ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തു.