യൂത്ത് കോൺഗ്രസ് മാർച്ച്
പാലക്കാട്: സംസ്ഥാന ബഡ്‌ജറ്റിലെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബുവിന്റെ നേതൃത്വത്തിൽ നിന്നാരംഭിച്ച മാർച്ച് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജീവവായുവിനൊഴികെ മറ്റ് എല്ലാ വസ്തുക്കൾക്കും നികുതി ചുമത്തിയ സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു.
മാർച്ച് ജില്ലാ പഞ്ചായത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. പിന്നീട് പൊലീസുമായി ഉന്തും തള്ളുമായി. കളക്ടറേറ്റിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.എം.ഫെബിൻ, ഒ.കെ.ഫാറൂഖ്, സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ, എം.ജസീർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അരുൺകുമാർ പാലക്കുറുശ്ശി, വിനോദ് ചേറാട്, പ്രദീപ് നെന്മാറ, ജില്ലാ സെക്രട്ടറിമാരായ പ്രമോദ് തണ്ടലോട്, പ്രതീഷ് മാധവൻ തുടങ്ങിയവർ നേതൃത്വം നൽകി.