കിസാൻസഭ കർഷകരക്ഷായാത്ര 13 ന് കോഴിക്കോട് ജില്ലയിൽ

Friday 10 February 2023 12:09 AM IST
kisansabha

കോഴിക്കോട്: കർഷകരെ രക്ഷിക്കൂ, കൃഷിയെ സംരക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തി അഖിലേന്ത്യാ കിസാൻസഭയുടെ (എ.ഐ.കെ.എസ്) നേതൃത്വത്തിൽ 23ന് രാജ്ഭവന് മുന്നിൽ നടത്തുന്ന കർഷകമഹാസംഗമത്തിന്റെ പ്രചരണാർത്ഥമുള്ള വടക്കൻമേഖല ജാഥ 13 ന് ജില്ലയിലെത്തും. രാജ്യത്തെ കർഷകസമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് കിസാൻസഭയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തിവരുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വയനാട് ജില്ലയിലെ പര്യടനത്തിനു ശേഷം തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെ ജില്ലാ അതിർത്തിയായ തൊട്ടിൽപ്പാലം ചാത്തൻകോട്ട് നടയിലെത്തുന്ന ജാഥയെ കിസാൻസഭ നേതാക്കളും മറ്റു വർഗ ബഹുജനസംഘടനാ നേതാക്കളും ചേർന്ന് വരവേൽക്കും. തുടർന്ന് മൂന്നു മണിക്ക് കുറ്റ്യാടിയിലും 4.30 ന് വടകരയിലും 5.30 ന് കൊയിലാണ്ടിയിലും ജാഥയ്ക്ക് സ്വീകരണം നൽകും. കൊയിലാണ്ടിയിൽ നടക്കുന്ന സമാപന പൊതുയോഗത്തിൽ കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.വി. ബാലൻ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ.പി.വസന്തം എന്നിവർ പ്രസംഗിക്കും. 14 ന് രാവിലെ 10 മണിക്ക് ഉള്ള്യേരിയിലും 11.30 ന് കൊടുവള്ളിയിലും 12.30ന് മുക്കത്തും ജാഥ പര്യടനം നടത്തും. തുടർന്ന് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും. അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ.വേണുഗോപാലൻ നായർ ലീഡറും സംസ്ഥാന സെക്രട്ടറിമാരായ എ.പ്രദീപൻ ഉപലീഡറും കെ.വി.വസന്തകുമാർ ഡയറക്ടറുമായ ജാഥയിൽ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി.കെ. രാജൻ, ബങ്കളം പി. കുഞ്ഞികൃഷ്ണൻ, ദീപ എസ് നായർ എന്നിവർ അംഗങ്ങളാണ്. കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക, കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുക, കാർഷികോത്പന്നങ്ങളുടെ താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തുക, കേന്ദ്ര വൈദ്യുതിബിൽ പിൻവലിക്കുക, കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, കർഷക കടാശ്വാസ കമ്മിഷന് ആവശ്യമായ ഫണ്ട് അനുവദിക്കുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയം ഉപേക്ഷിക്കുക, റബർവില സ്ഥിരതാ ഫണ്ട് വർദ്ധിപ്പിച്ച് കുടിശ്ശിക ഉടൻ അനുവദിക്കുക, വന്യമൃഗശല്യത്തിൽ നിന്ന് കൃഷിയെയും കർഷകരെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജാഥയിലൂടെ ഉന്നയിക്കുന്നത്. ഈ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും കിസാൻസഭ ഭാരവാഹികൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ.രാജൻ, ജില്ലാ പ്രസിഡന്റ് കെ.നാരായണക്കുറുപ്പ്, സംസ്ഥാന കൗൺസിൽ അംഗം കെ.മോഹനൻ, സിറ്റി നേർത്ത് കമ്മിറ്റി സെക്രട്ടറി മധുകുമാർ വെസ്റ്റ്ഹിൽ എന്നിവർ പങ്കെടുത്തു.