'കൗ ഹഗ്ഗ് ഡേ" കാർഷിക പാരമ്പര്യവുമായി ബന്ധപ്പെട്ടത്: എ.പി. അബ്ദുള്ളക്കുട്ടി

Friday 10 February 2023 1:57 AM IST

കണ്ണൂർ: കൗ ഹഗ്ഗ് ഡേ ആചരിക്കാനുള്ള അഭ്യർത്ഥന കാർഷിക പാരമ്പര്യവുമായി ബന്ധപ്പെട്ടാണെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. പഴയകാലത്ത് പശുക്കളെ മക്കളെപ്പോലെ കണ്ട് വളരെ സ്‌നേഹത്തോടെയായിരുന്നു ആളുകൾ പെരുമാറിയിരുന്നത്.

കണ്ണൂർ ഉൾപ്പെടെ 3 വിമാനത്താവളങ്ങളിൽ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം അനുവദിച്ചത് കേരളത്തോടുള്ള പരിഗണനയാണ്. ദേശീയ ഹജ്ജ് കമ്മി​റ്റി ചെയർമാൻ കൂടിയായ തനിക്ക് അതിൽ അഭിമാനമുണ്ട്. കുറഞ്ഞ ചെലവിൽ ഹജ്ജ് നിർവ്വഹിക്കാനുള്ള അവസരമാണ് മോദി സർക്കാർ നടപ്പാക്കിയതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.