50 രൂപയുടെ ഇടപാടിനും ഇ-സ്റ്റാമ്പിംഗ്, മുദ്രപത്രം പഴങ്കഥയാകും

Friday 10 February 2023 12:08 AM IST

 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ

കണ്ണൂർ: സംസ്ഥാനത്ത് ഏപ്രിൽ ഒന്നുമുതൽ 50 രൂപയുടെ ട്രഷറി ഇടപാടിനുപോലും ഇ-സ്റ്റാംമ്പിംഗ് നിർബന്ധമാക്കുന്നതോടെ പേപ്പർ മുദ്രപത്രങ്ങൾ പഴങ്കഥയാകും. നിലവിൽ ഒരു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകൾക്കാണ് ഇ-സ്റ്റാമ്പിംഗ്. അതാണ് കുറഞ്ഞ തുകയിലേക്കു കൂടി വ്യാപിപ്പിക്കുന്നത്. ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കി. ഏറ്റവും കുറഞ്ഞ മുദ്രപത്രം 50 രൂപയുടേതാണ്.

ട്രഷറി വകുപ്പിന്റെ പോർട്ടൽ വഴി ഓൺലൈൻ പേയ്മെന്റിലൂടെ ഇ- സ്റ്റാമ്പ് വാങ്ങി ഇടപാടുകൾ നടത്താം. പേപ്പർ മുദ്രപത്രങ്ങൾ പൂർണമായും ഒഴിവാക്കുന്നത് രണ്ടായിരത്തോളം വരുന്ന സ്റ്റാമ്പ് വെണ്ടർമാരുടെ വയറ്റത്തടിക്കുമോ എന്ന ആശങ്കയുണ്ട്. 2021ൽ നടപ്പാക്കാൻ തീരുമാനിച്ച പരിഷ്കാരം സ്റ്റാമ്പ് വെണ്ടർമാരുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ചതായിരുന്നു. കമ്പ്യൂട്ടർ സാക്ഷരത ഇല്ലാത്തവർക്കും പ്രായമായവർക്കും ഇത് തിരിച്ചടിയാണ്.

അതേസമയം, സ്റ്രാമ്പ് വെണ്ടർമാർക്ക് തുടർന്നും വരുമാനം ലഭിക്കുന്നതിനായി സംവിധാനം ഒരുക്കുമെന്നാണ് സൂചന. ഇവർക്ക് പ്രത്യേക ലോഗിനിലൂടെ ഇ-സ്റ്റാമ്പ് വാങ്ങി ചെറിയ സർവീസ് ചാർജ് ഈടാക്കി ആവശ്യക്കാർക്ക് കൈമാറാൻ സൗകര്യമൊരുക്കുന്നതാകും സംവിധാനം. എന്നാൽ, ഇത് എത്രത്തോളം വിജയിക്കുമെന്ന് ആശങ്കയുണ്ട്. വ്യാജ മുദ്രപത്രം തടയുന്നതിന് ഉൾപ്പെടെയാണ് പുതിയ പരിഷ്കാരമെന്നാണ് സർക്കാർ വിശദീകരണം.

Advertisement
Advertisement