തട്ടമിട്ട കുട്ടിയെ പുറത്താക്കി, തിരുവനന്തപുരത്തെ സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Friday 14 June 2019 3:43 PM IST

കഴക്കൂട്ടം: തലയിൽ തട്ടമിട്ട് വന്ന കുട്ടിയെ സ്കൂളിൽ നിന്നും ടി.സി കൊടുത്തു പുറത്താക്കിയെതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. കഴക്കൂട്ടത്തെ ഒരു ഹയർസെക്കൻഡറി സ്കൂളിലാണ് പുതുതായി എട്ടാം ക്ലാസിൽ ചേർന്ന വിദ്യാർത്ഥിനിയെ തട്ടമിട്ടതിന്റെ പേരിൽ പുറത്താക്കിയത്. സംഭവമറിഞ്ഞ് ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്കൂളിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.ഇന്ന് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധ പരിപാടി നടക്കുകയാണ്.

ഏഴാം ക്ലാസ് വരെ നഗരത്തിലെ സ്കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. വീട്ടുകാർ താമസം കഠിനംകുളത്തേക്ക് മാറ്റിയപ്പോഴാണ് സ്കൂളും മാറ്റിയത്. പുതിയ സ്കൂളിൽ അഡ്മിഷനായുള്ള പ്രവേശനപരീക്ഷ സമയത്തും ഇന്റർവ്യൂവിനും തലയിൽ തട്ടമിട്ടിരുന്നുവെന്നും അപ്പോഴൊന്നും അധികൃതർ ഇതിനെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ലെന്നും രക്ഷിതാക്കൾ പറയുന്നു. പഠിക്കാൻ വന്നപ്പോഴാണ് തലയിൽ തട്ടമിടാൻ അനുവാദമില്ലെന്നും തട്ടമിടാൻ നിർബന്ധമാണെങ്കിൽ ടി.സി.വാങ്ങി പോകാനും സ്കൂൾ അധികൃതർ പറഞ്ഞത്.