എം.എൽ.എമാരുടെ സത്യഗ്രഹം അവസാനിപ്പിച്ചു

Friday 10 February 2023 12:33 AM IST

തിരുവനന്തപുരം: നിയമസഭാ സമ്മേളനം താത്കാലികമായി അവസാനിച്ച സാഹചര്യത്തിൽ സഭാ കവാടത്തിൽ നാല് യു.ഡി.എഫ് എം.എൽ.എമാർ നടത്തിവന്ന സത്യഗ്രഹം അവസാനിപ്പിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു. നികുതിക്കൊള്ളയ്ക്കെതിരെ നിയമസഭയ്ക്ക് പുറത്ത് സമരം കൂടുതൽ ശക്തമായി മന്നോട്ട് കൊണ്ടുപോകും. 13, 14 തീയതികളിൽ യു.ഡി.എഫിന്റെ രാപ്പകൽ സമരം നടക്കും. ഘടകകക്ഷികളും വിദ്യാർത്ഥി, യുവജന, മഹിളാ സംഘടനകളും വിവിധ സമരപരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്.

ഇതിന് മുൻപ് നിയമസഭയിൽ സത്യഗ്രഹ സമരങ്ങൾ നടന്നപ്പോഴൊന്നും ഒരു മന്ത്രിയും സമരം ചെയ്യുന്നവരെ അപമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയും ധനമന്ത്രിയും സത്യഗ്രഹികളെ അപമാനിക്കുകയും സമരത്തെ പുച്ഛിക്കുകയും ചെയ്തു. പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ നികുതി അടയ്‌ക്കേണ്ടെന്ന് ആഹ്വാനം ചെയ്ത പിണറായി വിജയന് ഇപ്പോൾ നികുതിക്കൊള്ളയ്ക്ക് എതിരായ സമരത്തോട് പുച്ഛമാണ്. ഇത് അധികാരത്തിന്റെ ധിക്കാരമാണ്. പ്രതിപക്ഷം സമരം ചെയ്യുന്നത് കൊണ്ട് നികുതി നിർദ്ദേശങ്ങൾ പിൻവലിക്കില്ലെന്ന് ലോകത്ത് ഒരു സർക്കാരും ഇന്നുവരെ പറഞ്ഞിട്ടില്ല.

സമരം ചെയ്യുകയും സർക്കാരിന്റെ മുഖംമൂടി വലിച്ച് കീറി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്നുമുള്ള ദൗത്യമാണ് പ്രതിപക്ഷം ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങളെ മറന്ന സർക്കാരിന് അധികാരത്തിന്റെ ഹുങ്കാണ്. സ്വർണക്കച്ചവടക്കാരന്റെയും ബാറുകാരന്റെയും കൈയിൽ നിന്നും കിട്ടാത്ത നികുതി സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നും പിടിച്ചുപറിക്കാനുള്ള നീക്കത്തെയാണ് എതിർക്കുന്നത്.