ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന്കശുഅണ്ടി: മൊസാംബിക്കിൽ നിന്ന്  2100    മെട്രിക്  ടൺ 15 ഓടെ എത്തും

Friday 10 February 2023 1:35 AM IST
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന്കശുഅണ്ടി:

തിരുവനന്തപുരം: കശുഅണ്ടി വ്യവസായം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് നേരിട്ട് കശുഅണ്ടി വാങ്ങാനുള്ള നടപടികൾ കാഷ്യു ബോർഡ് തുടങ്ങി. ടാൻസാനിയയുമായിട്ടാണ് ആദ്യ കരാർ. അവിടത്തെ ഇന്ത്യൻ ഹൈക്കമ്മീഷണർ മുഖേന മൊസാംബിക് കാഷ്യു ബോർഡുമായി പ്രാരംഭ ചർച്ചകൾ നടത്തി. കാഷ്യു ബോർഡിന്റെയും സർക്കാരിന്റെയും പ്രതിനിധികൾ തുടർ ചർച്ച നടത്തി ഈ മാസം 15 ഓടെ 2100 മെട്രിക് ടൺ കശുഅണ്ടി എത്തിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ഫാക്ടറികൾ 20 മുതൽ പ്രവർത്തിച്ചു തുടങ്ങും.

ഘാനയിൽ നിന്ന് 3000 മെട്രിക് ടൺ വാങ്ങാനുള്ള ടെൻഡർ 16 ന് തുറക്കും. ഐവറി കോസ്റ്റ് സർക്കാർ പ്രതിനിധികളുമായും കാഷ്യുബോർഡ് മേധാവികൾ ആദ്യഘട്ട ചർച്ച നടത്തി.ഐവറി കോസ്റ്റിൽ നിന്ന് 3000 മെട്രിക് ടണ്ണിന്റെ ടെൻഡർ ഇന്ന് തുറക്കും. ആഫ്രിക്കൻ രാജ്യങ്ങളായ ഗിനിബിസൗ, ബെനിൻ എന്നിവിടങ്ങളിൽ നിന്നും കശുഅണ്ടി വാങ്ങും. ആകെ 40 ഫാക്ടറികളാണ് സർക്കാർ ഉടമസ്ഥതയിലുള്ളത്. കശുഅണ്ടി വികസന കോർപ്പറേഷന്റെ മുപ്പതും, കാപ്പെക്സിന്റെ പത്തും,

ആഗോള തലത്തിൽ ഇ- ടെണ്ടർ നടത്തിയാണ് ഇപ്പോൾ കേരളം കശുഅണ്ടി വാങ്ങുന്നത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഇറക്കുമതി ചെയ്യാൻ കാലതാമസമുണ്ടാവാറുള്ളതിനാൽ പലപ്പോഴും ഫാക്ടറികളുടെ പ്രവർത്തനം തടസപ്പെടുന്നു. നേരിട്ടു വാങ്ങുന്നതോടെ ഇത് ഒഴിവാകും. നിലവിൽ ടെണ്ടർ വഴി വിവിധ ഏജൻസികളാണ് കശുഅണ്ടി സപ്ളൈ ചെയ്യുന്നത്. നേരിട്ട് വാങ്ങിയാലും ഇവരുടെ സേവനം കൂടി ഉണ്ടെങ്കിലേ വർഷത്തിൽ 200 ദിവസമെങ്കിലും ഫാക്ടറികൾ പ്രവർത്തിപ്പിക്കാനാവൂ . സപ്ളൈ കമ്പനികളുമായും കാഷ്യു ബോർഡ് ചർച്ച നടത്തിയിരുന്നു.സപ്ളൈ ചെയ്യുന്ന കശുഅണ്ടിയുടെ പണം കിട്ടുന്നതിലെ കാലതാമസം ഒഴിവാക്കാൻ എൽ.സിയായി (ലെറ്റർ ഒഫ് ക്രെഡിറ്റ്) സപ്ളയർമാർക്ക് പണം നൽകും.

16,000

ആകെ തൊഴിലാളികൾ

10,000 മെട്രിക് ടൺ

കഴിഞ്ഞ വർഷം കാഷ്യുബോർഡ് വാങ്ങിയത്

15,000 മെട്രിക് ടൺ

ഈ വർഷം വാങ്ങുന്നത്

'സ്വകാര്യ ഫാക്ടറികൾക്കും കശുഅണ്ടി വിതരണം ചെയ്യൽ പരിഗണനയിലുണ്ട്. ഇക്കൊല്ലം കൂടുതൽ കശുഅണ്ടി വാങ്ങും.സർക്കാർ 60 കോടി അനുവദിച്ചിട്ടുണ്ട്'.

-എ.അലക്സാണ്ടർ

(സി.എം.ഡി,കാഷ്യുബോർഡ്)