27 വരെ പിരിഞ്ഞു, നികുതി വർദ്ധന: സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

Friday 10 February 2023 12:37 AM IST

സ്‌പീക്കറുടെ കാഴ്ച മറച്ച് ബാനർ

ഡയസിലേക്ക് പിടിച്ചുകയറാൻ ശ്രമം

തിരുവനന്തപുരം: ബഡ്‌ജറ്റിലെ നികുതി നിർദ്ദേശങ്ങൾ പിൻവലിക്കില്ലെന്ന തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്നലെ പ്രതിപക്ഷം നിയമസഭാ നടപടികൾ സ്തംഭിപ്പിച്ചു. രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോൾത്തന്നെ ബഹളം തുടങ്ങി. 28 മിനിട്ട് മാത്രം നീണ്ട ചോദ്യോത്തരവേള റദ്ദാക്കി ബാക്കി നടപടികൾ വേഗത്തിൽ പൂർത്തിയാക്കി 9.50ന് സഭ പിരിഞ്ഞു. ഈമാസം 27നാണ് ഇനി സമ്മേളിക്കുക.

ബാനറും പ്ലക്കാർഡുമുയർത്തി മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം സഭയിലെത്തിയത്. ചോദ്യങ്ങൾക്ക് മറുപടി പറയാനായി മന്ത്രി എം.ബി.രാജേഷിനെ സ്‌പീക്കർ ക്ഷണിച്ചയുടൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതിഷേധവുമായി എഴുന്നേറ്റു. ജനജീവിതത്തിന്റെ താളംതെറ്റിക്കുന്ന നികുതി നിർദ്ദേശങ്ങൾ പിൻവലിക്കാതെ സഭാനടപടികളുമായി സഹകരിക്കാനാവില്ലെന്ന് സതീശൻ പറഞ്ഞു. സഭാകവാടത്തിൽ സമരം ചെയ്യുന്ന നാല് പ്രതിപക്ഷാംഗങ്ങളെ ബഡ്ജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ ധനമന്ത്രി പരിഹസിച്ചെന്നും ആരോപിച്ചു.

ഇതോടെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷാംഗങ്ങൾ സ്‌പീക്കറുടെ ഡയസിന് മുന്നിലെത്തി. നികുതിക്കൊള്ള, പിടിച്ചുപറി, പോക്കറ്റടി എന്നെഴുതിയ കറുത്ത ബാനർ ഉയർത്തി സ്‌പീക്കറുടെ കാഴ്ച പലതവണ മറച്ചു. മന്ത്രി എം.ബി.രാജേഷ് ചോദ്യങ്ങൾക്ക് മറുപടി പറയുന്നത് ഈ സമയത്തും തുടർന്നു. ബഹളം കടുത്തതോടെ ഉത്തരങ്ങളെല്ലാം മേശപ്പുറത്ത് വയ്ക്കാൻ സ്പീക്കർ നിർദ്ദേശിച്ചെങ്കിലും ഗൗരവമുള്ള വിഷയമായതിനാൽ സഭയും ജനങ്ങളും അറിയണമെന്നു പറഞ്ഞ് മന്ത്രി മറുപടി തുടർന്നു. പ്രതിപക്ഷാംഗങ്ങളോട് സീറ്റിലേക്ക് മടങ്ങാൻ സ്‌പീക്കർ പലതവണ നിർദ്ദേശിച്ചെങ്കിലും ചെവിക്കൊണ്ടില്ല.

പ്രതിപക്ഷാംഗങ്ങൾ ചെയറിനെ മറയ്ക്കുകയാണെന്നും സഭയിൽ ഇതുവരെയുണ്ടാകാത്ത കാര്യമാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. തുടർന്ന് ഇടപെട്ട സ്പീക്കർ,​ ഭക്ഷ്യസുരക്ഷ സംബന്ധിച്ച ചോദ്യങ്ങൾക്കാണ് മറുപടി പറയുന്നതെന്നും പ്രതിപക്ഷാംഗങ്ങളെ നിയന്ത്രിക്കാൻ വി.ഡി. സതീശൻ മുൻകൈയെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇത്തരം സാഹചര്യങ്ങളിൽ ചോദ്യോത്തരവേള സസ്‌പെൻഡ് ചെയ്യുന്നതാണ് കീഴ്‌വഴക്കമെന്നായിരുന്നു വി.ഡി.സതീശന്റെ മറുപടി.

അടുത്ത ചോദ്യത്തിനായി രാമചന്ദ്രൻ കടന്നപ്പള്ളിയെ ക്ഷണിച്ചയുടൻ അൻവർ സാദത്ത്,​ ടി.വി.ഇബ്രാഹിം, ഐ.സി.ബാലകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിൽ സ്‌പീക്കറുടെ ഡയസിലേക്ക് പിടിച്ചുകയറാൻ ശ്രമിച്ചു. ഇതോടെ ഭരണപക്ഷാംഗങ്ങളും പ്രതിഷേധം തുടങ്ങി. സേവ്യർ ചിറ്റിലപ്പിള്ളിയുടെ ചോദ്യത്തിന് വീണാ ജോർജ് മറുപടി നൽകിയതിന് പിന്നാലെ 9.28ന് ചോദ്യോത്തരവേള സ്പീക്കർ റദ്ദാക്കി. തുടർന്ന് 22 മിനിട്ടുകൊണ്ട് മറ്റു നപടികളും പൂർത്തിയാക്കി സഭ പിരിഞ്ഞു.