പ്രതിപക്ഷം സഭയിലെത്തിയത് കാൽനടയായി
Friday 10 February 2023 12:40 AM IST
തിരുവനന്തപുരം: ഇന്ധന സെസ് പിൻവലിക്കില്ലെന്ന നിലപാടിൽ പ്രതിഷേധിച്ച് ഇന്നലെ പ്രതിപക്ഷം നിയമസഭയിലെത്തിയത് കാൽനടയായി. 'നികുതിക്കൊള്ള, പിടിച്ചുപറി, പോക്കറ്റടി" എന്നെഴുതിയ കറുത്ത ബാനറും പ്ളക്കാർഡുകളും പിടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ് എം.എൽ.എ ഹോസ്റ്റലിൽ നിന്ന് പ്രതിപക്ഷാംഗങ്ങൾ എത്തിയത്. സതീശനൊപ്പം പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, അനൂപ് ജേക്കബ്, പി.കെ. ബഷീർ, അൻവർ സാദത്ത്, ടി. സിദ്ദിഖ്, കെ.കെ. രമ, ഉമാ തോമസ് എന്നിവരായിരുന്നു മുൻനിരയിൽ. കോൺഗ്രസ് പ്രവർത്തകരും എം.എൽ.എമാർക്കൊപ്പം പ്രതിഷേധത്തിൽ അണിചേർന്നു. ജനങ്ങളെ കൊള്ളയടിക്കുന്ന നികുതി നിർദ്ദേശങ്ങൾക്കെതിരെ ശക്തമായ സമരം നടത്തുമെന്ന് സതീശൻ പറഞ്ഞു. സഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷം സഭ പിരിഞ്ഞതിനുശേഷം ബാനർ ഉയർത്തി മുദ്രാവാക്യം വിളികളുമായാണ് പുറത്തേക്ക് പോയത്.