കെ-ടെറ്റ് പരീക്ഷാഫലം വൈകി: ഹിന്ദി അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാനാവാതെ ഒട്ടേറെപ്പേർ
തിരുവനന്തപുരം: സ്‌കൂൾ അദ്ധ്യാപക തസ്തികയുടെ യോഗ്യതാ പരീക്ഷയായ കെ-ടെറ്റിന്റെ ഫലപ്രഖ്യാപനം വൈകിയത് കാരണം, പി.എസ്.സി വിജ്ഞാപനം ചെയ്ത തീയതിക്കകം
എച്ച്.എസ്.ടി ഹിന്ദി തസ്തികയിലേക്ക് അപേക്ഷ നൽകാൻ കഴിയാതെ നിരവധി ഉദ്യോഗാർത്ഥികൾ.
ഡിസംബർ 3, 4 തീയതികളിൽ നടന്ന കെ-ടെറ്റ് യോഗ്യതാ പരീക്ഷകളുടെ പ്രൊവിഷണൽ കീ ഡിസംബർ 17ന് പരീക്ഷാഭവൻ പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷ നടത്തി സാധാരണ ഒരു മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുന്ന ഫലം രണ്ടു മാസം പിന്നിട്ട ശേഷം ഫെബ്രുവരി
ഒന്നിനാണ് പുറത്തു വന്നത്. എച്ച്.എസ്.ടി - ഹിന്ദി തസ്തികയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 18 ആയിരുന്നു
അതേ സമയം ഫുൾ ടൈം/പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി )
തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 1
ആയിരുന്നു. എച്ച്.എസ്.ടി ഹിന്ദി പരീക്ഷാ ഫലം അന്ന് വന്നതറിഞ്ഞ ചുരുക്കം ചിലർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനായി. അറിയാതെ പോയ ഭൂരിപക്ഷം പേർക്കും ആ
അവസരവും നഷ്ടപ്പെട്ടു. മൂന്നു വർഷത്തിന് ശേഷമേ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ സാധ്യതയുള്ളൂ ഇപ്പോൾ അവസരം നഷ്ടപ്പെട്ടവരിൽ പലർക്കും വീണ്ടും അപേക്ഷിക്കാൻ പ്രായ പരിധി തടസമാവും. കെ ടെറ്റ് പരീക്ഷാ ഫല പ്രഖ്യാപനത്തിലുണ്ടായ കാലതാമസം കാരണം പി.എസ്.സിയിൽ അപേക്ഷ നൽകാൻ കഴിയാതെ പോയ ഉദ്യോഗാർത്ഥികൾക്ക് സമയം നീട്ടി നൽകണമെന്ന ആവശ്യം ഉയരുന്നു.