കടുവ ചത്തതിന് വനംവകുപ്പ് ചോദ്യം ചെയ്ത കർഷകൻ തൂങ്ങിമരിച്ചു

Friday 10 February 2023 12:50 AM IST

കൽപ്പറ്റ:പൊൻമുടിക്കോട്ടയിൽ രണ്ടുമാസത്തോളം ഭീതിപരത്തിയ കടുവകളിൽ ഒന്ന് ചത്തതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത നാട്ടുകാരനെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ കുഴിവിള വീട്ടിൽ ഹരികുമാർ (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ ഹരികുമാറിനെ ചോദ്യം ചെയ്തിരുന്നു.

സംഭവത്തിൽ വയനാട്ടിൽ വ്യാപക പ്രതിഷേധമുയർന്നു. സുൽത്താൻ ബത്തേരിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. സി.പി.ഐ സുൽത്താൻ ബത്തേരി ഡി.എഫ്. ഒ ഓഫീസിലേക്ക് മാർച്ച് നടത്തി.

ഫെബ്രുവരി ഒന്നിന് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ഒന്നരവയസുള്ള ആൺകടുവക്കുട്ടിയെ കഴുത്തിൽ കുരുക്ക് മുറുകി ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. സ്ഥലം ഉടമ പള്ളിയാലിൽ മുഹമ്മദിനെതിരെ വനംവകുപ്പ് വന്യജീവി നിയമപ്രകാരം കേസെടുത്തു. ഒരു വർഷമായി കിടപ്പിലായ മുഹമ്മദിനെതിരെ കേസടുത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കി. തുടർന്നാണ് കടുവയുടെ ജഡം ആദ്യം കണ്ടവരെക്കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങിയത്. ഹരിയടക്കമുള്ളവർ കടുവ ചത്ത് കിടക്കുന്നത് കണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ച വിവരം

കേസിൽ കുടുക്കുമെന്ന് ഹരി ഭയപ്പെട്ടിരുന്നതായി കുടുംബം പറയുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഹരിയെന്ന് ഭാര്യ ഉഷ പറഞ്ഞു. അഞ്ചാം തീയതി മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ വന്നു. അടുത്ത ദിവസം ഫോണിൽ വിളിച്ച് കുരുക്ക് വെച്ച ആളെ കാണിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മേപ്പാടി റേഞ്ച് ഓഫീസർ ഹരിലാൽ ഫോണിൽ വിളിച്ച് ഹരികുമാറിനെ ഭയപ്പെടുത്തിയിരുന്നതായും ഉഷ പറഞ്ഞു.

ആരോപണം വനംവകുപ്പ് നിഷേധിച്ചിട്ടുണ്ട്. ഹരിയെ കേസിൽ പ്രതിചേർക്കുകയോ സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വിശദീകരിച്ചു.

ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ വനം വിജിലൻസ് ഫോറസ്റ്റ് കൺസർവേറ്റർ നരേന്ദ്രബാബു അന്വേഷിക്കും. ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെങ്കിൽ നടപടിയെടുക്കും. ഹരികുമാറിന്റെ ആത്മഹത്യ പൊലീസ് അന്വേഷിക്കും. ഹരികുമാർ കേസിൽ പ്രതിയല്ല.

മന്ത്രി എ.കെ. ശശീന്ദ്രൻ