പ്രതിഭകൾ അരങ്ങ് വാണ രണ്ടാം ദിനം
കൊച്ചി: എം.ജി സർവകലാശാലാ കലോത്സവത്തിന്റെ രണ്ടാം ദിനം എല്ലാ വേദികളിലും ആധിപത്യം ഉറപ്പിച്ച് ആതിഥേയർ. ഉദ്ഘാടന ശേഷം നടന്ന ആദ്യ മത്സരയിനമായ കേരള നടനത്തിൽ എറണാകുളത്തെ കോളേജുകൾ ആധിപത്യം പുലർത്തി. കൊച്ചിയുടെ മണ്ണുവിട്ടുപോകാതെ കപ്പ് കാക്കാനുള്ള ശ്രമത്തിലാണ് ഓരോ കോളേജും. കപ്പ് വിട്ടുകൊടുക്കാതിരിക്കാൻ തേവര ഒരോ മത്സരത്തിലും അവേശത്തോടെ മുന്നേറുമ്പോൾ മഹാരാജാസും സെന്റ് തെരേസാസും ആർ.എൽ.വി യും പിന്നാലെയുണ്ട്. മത്സരാത്ഥികൾക്ക് പ്രോത്സാഹനമേകാൻ വിവിധ കോളേജുകളിൽ നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികളാണ് എത്തുന്നത്. അഞ്ചുവർഷത്തിന് ശേഷം എറണാകുളത്തെത്തിയ കലോത്സവം ആഘോഷമാക്കുകയാണ് നാട്ടുകാരും. മത്സരങ്ങളിൽ ഭൂരിഭാഗവും നടക്കുന്ന മഹാരാജാസ് കോളേജ് കാമ്പസിലേക്കാണ് ആസ്വാദകരുടെ ഒഴുക്ക്. പ്രധാന വേദിയായ മാഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ 17 മണിക്കൂർ നീണ്ട തിരുവാതിര മത്സരത്തിന് പോലും നിരവധി കാണികളുണ്ടായിരുന്നു. ഗവ. ലാ കോളേജിൽ നടന്ന മത്സരങ്ങൾക്കും കാണികൾ ഏറെയുണ്ടായിരുന്നു. മത്സരങ്ങൾ വൈകി, പുതിയ വേദിയുമെത്തി മത്സരങ്ങൾ വൈകിയതിന് പുറമേ വേദിയിൽ ഉണ്ടായ മാറ്റം വിദ്യാർത്ഥികളെ വെള്ളം കുടിപ്പിച്ചു. രണ്ടാംദിനം മൂന്ന് മത്സരങ്ങളാണ് നേരത്തെ നിശ്ചയിച്ച വേദിയിൽ നിന്ന് മാറ്റിയത്. ഇതിന് പുറമേ പുതിയൊരു വേദിയും സജ്ജമാക്കി. ഇതുസംബന്ധിച്ച അറിയിപ്പുകൾ വൈകിയാണ് ലഭിച്ചതെന്ന് മത്സരാത്ഥികൾ ആരോപിച്ചു. ഉറക്കമിളച്ച് തിരുവാതിര ബുധനാഴ്ച രാത്രി എട്ടുമണിക്ക് തുടങ്ങുമെന്ന് അറിയിച്ച തിരുവാതിര 11നാണ് ആരംഭിച്ചത് വിദ്യാർത്ഥികളെ കുഴപ്പിച്ചു. 74 ടീമുകളാണ് മത്സരത്തിലുണ്ടായിരുന്നത്. ഇതിൽ 70 ടീമുകളാണ് മത്സരിച്ചത്. വൈകിയാരംഭിച്ച മത്സരം ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് അവസാനിച്ചത്. ലാ കോളേജ് ഗ്രൗണ്ടായ രണ്ടാം വേദിയിൽ ബുധനാഴ്ച രാത്രി 8 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന സംഘഗാനവും രാത്രി 10.30ന് ആണ് ആരംഭിച്ചത്. ഇത് ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് അവസാനിച്ചത്. ഇതോടെ രാവിലെ 9 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ഭരതനാട്യം (ആൺ) ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആരംഭിച്ചത്.
മാറ്റുരയ്ക്കാൻ ട്രാൻസ്ജെൻഡർ പ്രതിഭകളും
കൊച്ചി: ട്രാൻസ്ജെൻഡർ കലാപ്രതിഭകൾക്ക് കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചതോടെ ഇത്തവണ അരങ്ങിലെത്തുന്നത് അഞ്ച് താരങ്ങളാണ്. തൻവി സുരേഷ്, ഋതു മെഹർ, സജ്ഞന, രജ്ഞു, മജ്ഞമി എന്നിവരാണ് കലോത്സവത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിലെ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. അമ്മയുടെ സംഗീതവഴിയിലാണ് തിരുവനന്തപുരം സ്വദേശിയായ മഞ്ജമി പ്രമേഷിന്റെയും യാത്ര. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ലളിതഗാനത്തിലാണ് മത്സരിക്കുന്നത്. അമ്മ ബൈജിയാണ് ഗുരു. മഹാരാജാസ് കോളേജിലെ മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയാണ്. എട്ടാം വയസുമുതൽ കലയുടെ വഴിയിലുണ്ട് തൻവി സുരേഷ്. അറിയപ്പെടുന്ന നർത്തകിയാകാനാണ് ആഗ്രഹം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ കഴിഞ്ഞ തവണ പ്രതിഭാതിലകം സ്വന്തമാക്കിയ കരുത്തിലാണ് രണ്ടാം തവണയും എത്തുന്നത്. ഇത്തവണ ഭരതനാട്യത്തിൽ മാത്രമാണ് മത്സരിക്കുന്നത്. ആർ.എൽ.വി കോളേജിലെ രണ്ടാംവർഷ ബി.എ ഭരനാട്യം വിദ്യാർത്ഥിയാണ് തൻവി. സ്കോളർഷിപ്പ് തുകയിൽനിന്ന് മറ്റും മിച്ചം പിടിച്ചാണ് ഋതു മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തുക കണ്ടെത്തുന്നത്. ഭരതനാട്യത്തിലും ശാസ്ത്രീയ സംഗീതത്തിലുമാണ് മത്സരിക്കുന്നത്. മഹാരാജാസ് കോളേജിൽ മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ്. ആദ്യമായാണ് സജ്ഞനയും രജ്ഞുവും എം.ജി സർവകലാശാല കലോത്സവത്തിനെത്തുന്നത്. ഭരതനാട്യം, ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നിവയിലാണ് സജ്ഞന മത്സരിക്കുന്നത്.
കലോത്സവത്തിലെ മിന്നും താരമായി വൈഷ്ണവ്
കൊച്ചി: രാജ്യത്തിന് അകത്തും പുറത്തും നിരവധി ആരാധകരുള്ള ഗായകൻ വൈഷ്ണവ് ഗിരീഷ് കലോത്സവത്തിലെ മിന്നും താരമായി. തേവര എസ്.എച്ച് കോളേജിലെ മൂന്നാംവർഷ സോഷ്യോളജി വിദ്യാർത്ഥിയാണ് വൈഷ്ണവ്. ഇന്നലെ നടന്ന സംഘഗാന മത്സരത്തിലാണ് വൈഷ്ണവ് ആദ്യമായി മത്സരിച്ചത്. മത്സരത്തിൽ ടീം മൂന്നാം സ്ഥാനം നേടി. എം.ജി സർവകലാശാല കലോത്സവത്തിൽ ആദ്യമായാണ് വൈഷ്ണവ് ഗിരീഷ് പങ്കെടുക്കുന്നത്. ഇന്ത്യൻ ഐഡൽ തുടങ്ങി നിരവധി റിയാലാറ്റി ഷോകളിലെ വിജയിയാണ് വൈഷ്ണവ്. 12ന് നടക്കുന്ന ലളിതഗാന മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
തിരുവാതിരയിൽ കാലടി ശ്രീശങ്കര
കൊച്ചി: അഞ്ചും പത്തുമല്ല, 17 മണിക്കൂർ നീണ്ട തിരുവാതിരക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം കൈപ്പിടിയിലൊതുക്കി കാലടി ശ്രീശങ്കര കോളേജ്. സെന്റ് തെരേസാസ് കോളേജിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം മൂലമറ്റം സെന്റ് ജോസഫ് കോളേജ് കരസ്ഥമാക്കി. ബുധനാഴ്ച രാത്രി പത്തരയോടെയാണ് തിരുവാതിര മത്സരങ്ങൾ ആരംഭിച്ചത്. പേരു നൽകിയ 74 കോളേജുകളിൽ 70 ടീം മത്സരിച്ചതോടെ ഇന്നലെ വൈകിട്ടാണ് മത്സരം പൂർത്തിയായത്.
സംഘഗാനത്തിൽ മിന്നിച്ച് ദേവദത്ത് ബിജിപാലും ടീമും
കൊച്ചി: എം.ജി സർവകലാശാല കലോത്സവത്തിൽ വാശിയേറിയ സംഘഗാന മത്സരത്തിൽ ഒന്നാം സ്ഥാനം സംഗീത സംവിധായകൻ ബിജിബാലിന്റെ മകൻ ദേവദത്ത് ബിജിബാൽ ഉൾപ്പെട്ട മഹാരാജാസ് കോളേജ് ടീമിന്. മാഹാരാജാസിൽ ഒന്നാം വർഷ ബി.എ മ്യൂസിക് വിദ്യാർത്ഥിയാണ് ദേവദത്ത്. 64 ടീമുകളാണ് മത്സരത്തിലുണ്ടായിരുന്നത്. സംഘത്തിൽ അമൽഘോഷ്, അക്ഷയ് മനോഹർ, നീലിമ ഷിജു, ജൂലിയറ്റ് വിത്സൺ, ശ്രദ്ധ ദിനേശ്, അനുശ്രീ അനിൽകുമാർ, ഗൗതം രാജൻ, ആകാശ് ആഞ്ജനയൻ എന്നിവരുമുണ്ടായിരുന്നു. അക്ഷയ് എം.കോം വിദ്യാർത്ഥിയും നീലിമ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയുമാണ്. ബാക്കി ടീം അംഗങ്ങൾ കോളേജിലെ മ്യൂസിക് വിദ്യാർത്ഥികളാണ്.
സമൂഹത്തിന് സുഗീതിന്റെ സന്ദേശം
കൊച്ചി: ഒന്നാമനാകേണ്ട. ഈ സമൂഹത്തിന് നല്ലൊരു ആശയം നൽകിയാൽ മാത്രം മതി. പൂത്തോട്ട എസ്.എൻ. ലാ കോളേജ് എൽ.എൽ.എം ഒന്നാം വർഷ വിദ്യാർത്ഥി സുഗീതാണ് വേറിട്ട മാതൃകയുമായി എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിലെത്തിയ മത്സരാർത്ഥി. വിദ്യാസമ്പന്നർ പോലും നരബലിയെന്ന ദുരാചാരം പിന്തുടരുന്ന കഥയാണ് കെ.പി.എ.സി യുവനാടക സമിതിയുടെ ഭാഗമായ സുഗീത് വേദിയിൽ അവതരിപ്പിച്ചത്. നിറഞ്ഞ കൈയടിയും ലഭിച്ചു. ഗ്രേഡ് ഒന്നും വേണ്ടെന്നും ഈ കൈയടി മാത്രം മതിയെന്നുമാണ് സുഗീത് പറയുന്നത്. നാടകത്തിലാണ് കമ്പമെങ്കിലും കലോത്സവ വേദിയിലൂടെ വിദ്യാർത്ഥികളുടെ മനസിലേയ്ക്ക് നാടിന് ഗുണകരമായ ചിന്തകൾ പകർന്നു നൽകാനാണ് മോണോ ആക്ടിന് പേര് നൽകിയത്. സ്വന്തമായി സ്ക്രിപ്റ്റ് എഴുതി അവതരിപ്പിക്കുകയായിരുന്നു. മാവേലിക്കര സ്വദേശി സുരേഷിന്റെയും ഗീതയുടെയും മകനാണ്.