കടവുപുഴയിലെ ഇലവുമരത്തിൽ പെരുംതേൻകാലം

Friday 10 February 2023 12:58 AM IST

കോന്നി : കടവുപുഴയിലെ കൊലയാളി തേൻമരത്തിൽ ഇക്കൊല്ലവും തേനിച്ചകളെത്തി. വനത്തിലെ വലിയമരങ്ങളിൽ കൂട്ടമായി വസിക്കുന്ന പെരുംതേനിച്ചകളാണ് പതിവുതെറ്റിക്കാതെ എത്തിയത്. ഇലവുമരത്തിലെ വലിയ തേനടകൾ ആകർഷകമാണ്. ഇവിടെ നിന്ന് വലിയ അളവിൽ തേൻ ലഭിക്കും. എല്ലാവർഷവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എത്തുന്ന തേനിച്ചകൾ തേൻകൂടുകൾകൊണ്ട് ഇലവുമരം നിറയ്ക്കും. 75 വർഷത്തിലേറെ പഴക്കമുള്ള ഈ ഇലവുമരം കല്ലാറിന്റെ തീരത്താണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് തേൻ എടുക്കുന്നത്. 27 വർഷം മുൻപ് പ്രദേശവാസി പൊടിയൻ തേനീച്ചകളുടെ കുത്തേറ്റ് മരിച്ചു. അതിനുശേഷം കടവുപുഴയിലെ ഇലവുമരം കൊലയാളി തേൻമരം എന്നാണ് അറിയപ്പെടുന്നത്. മലയാലപ്പുഴ പഞ്ചായത്ത് റാന്നി വനം ഡിവിഷൻ വടശേരിക്കര റേഞ്ചിലെ കടവുപുഴ വനത്തോട് ചേർന്ന് കല്ലാറിന്റെ തീരത്താണ് ഇലവുമരം. ഒരുവശം ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ കുമ്പഴ തോട്ടമാണ്. എല്ലാവർഷവും ഏപ്രിൽ,മെയ് മാസങ്ങളിൽ പ്രദേശവാസികൾ രാത്രിയിൽ ഏണിയിലൂടെ ഇലവുമരത്തിൽ കയറി തേൻ ശേഖരിക്കും. പാട്ട കണക്കിന് തേനാണ് സംഭരിക്കുന്നത്. പ്രദേശത്തെത്തുന്നവരുടെ ആകർഷക കേന്ദ്രമാണ് കടവുപുഴയിലെ ഈ തേൻമരം. ഇലവുമരത്തിനു സമീപം തോട്ടംതൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഉണ്ട്. കടവുപുഴ വനത്തിലെ കാട്ടുപൂക്കളിൽ നിന്നുള്ള തേനിന് ഔഷധ ഗുണങ്ങൾ ഉള്ളതിനാൽ ആവശ്യക്കാരേറെയാണ്. ഇലവുമരത്തിൽ നിന്ന് ശേഖരിക്കുന്ന തേൻ പ്രദേശവാസികൾ സ്വന്തം ആവശ്യം കഴിഞ്ഞു വിൽപ്പന നടത്തുകയാണ് പതിവ്.