ദത്ത് വിവാദം: കുഞ്ഞിനായി അവകാശമുന്നയിച്ച് യുവാവ്

Friday 10 February 2023 12:05 AM IST

കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫി​ക്കറ്റ് കേസ് പുതിയ വഴിത്തിരിവിൽ. അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ട കുഞ്ഞ് തന്റേതെന്ന വാദവുമായി പത്തനംതിട്ട സ്വദേശിയായ യുവാവ് ഇന്നലെ ജില്ലാ ശിശുക്ഷേമ സമിതിക്കു മുന്നിലെത്തി. ഇയാളുടെ മൊഴി സമിതി രേഖപ്പെടുത്തി.

തന്റെ പങ്കാളി​യാണ് യുവതി​യെന്നും താൻ തന്നെയാണ് കുഞ്ഞി​നെ കൈമാറി​യതെന്നും പണം വാങ്ങി​യി​ട്ടി​ല്ലെന്നും ഇയാൾ മൊഴി​ നൽകി. ഇയാൾ ഇന്നലെ ചി​ല ടി.വി ചാനലുകളി​ലും ഇക്കാര്യം ആവർത്തി​ച്ചു.

കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശി അനൂപിന് കൈമാറിയതി​ന് പി​ന്നി​ൽ പണമിടപാട് നടന്നെന്ന ആരോപണം പൊലീസ് അന്വേഷി​ക്കുന്നുണ്ട്.

വ്യാജ ​ ജനന സർട്ടി​ഫി​ക്കറ്റ് തയ്യാറാക്കി​യതി​നു മാത്രമാണ് ഇപ്പോൾ കേസ് രജി​സ്റ്റർ ചെയ്തി​ട്ടുള്ളത്. ​കുഞ്ഞി​ന്റെ പി​താവെന്ന് അവകാശപ്പെടുന്ന യുവാവി​നെയും കുഞ്ഞി​നെ ഏറ്റുവാങ്ങി​യ അനൂപി​നെയും ചോദ്യം ചെയ്യാൻ വി​ളി​പ്പി​ക്കുമെന്ന് തൃക്കാക്കര എ.സി​.പി പി​.വി​.ബേബി​ പറഞ്ഞു.

മുൻകൂർ ജാമ്യം തേടി​ ദമ്പതി​കൾ

ദത്ത് കേസിൽ തൃപ്പൂണിത്തുറ സ്വദേശികളായ അനൂപ് കുമാറും സുനിതയും മുൻകൂർ ജാമ്യ ഹർജി സമർപ്പി​ച്ചു. ഒളി​വി​ൽ കഴി​യുന്ന, വ്യാജ ജനന സർട്ടി​ഫി​ക്കറ്റ് കേസ് പ്രതി​യായ അഡ്മി​നിസ്ട്രേറ്റി​വ് അസി​സ്റ്റന്റ് അനി​ൽകുമാർ ഇന്ന് ഹൈക്കോടതി​യി​ൽ മുൻകൂർ ജാമ്യ ഹർജി​ നൽകുമെന്നും സൂചനയുണ്ട്.