ക്രിസ്റ്റഫർ അടിപൊളി

Friday 10 February 2023 12:07 AM IST

തിരുവനന്തപുരം: മമ്മൂട്ടിയുടെ വ്യത്യസ്ത പൊലീസ് വേഷമായ ക്രിസ്റ്റഫറിനെ സിനിമാ പ്രേമികൾ ആവേശത്തോടെ വരവേറ്റു. ക്രൈം ത്രില്ലറായി ഒതുങ്ങാതെ,​ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ അനുഭവങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. സംഘട്ടന രംഗങ്ങളിലെ മെയ്‌വഴക്കവും എടുത്ത് പറയണം.

ക്രിസ്റ്റഫറിന്റെ എൻകൗണ്ടറുകളാണ് കഥയുടെ ഗതി നിർണയിക്കുന്നത്. അനുദിനം കേരളത്തിൽ കേൾക്കുന്ന ലൈംഗികാതിക്രമങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഷൈൻ ടോം ചാക്കോയുടെ സൈക്കോ പൊലീസ് കഥാപാത്രവും കൈയടി നേടി. കാണികളെ പിടിച്ചിരുത്തുന്ന ബി.ഉണ്ണികൃഷ്ണന്റെ സംവിധാനമികവും പ്രശംസനീയം.

വില്ലൻ വേഷത്തിലെത്തിയ വിനയ് റോയുടെ മലയാള അരങ്ങേറ്റവും ഗംഭീരമായി. സ്നേഹ, അമലാ പോൾ, ഐശ്വര്യ ലക്ഷ്മി, ദിലീഷ് പോത്തൻ,സിദ്ദിഖ്, ജിനു ജോസഫ്, അദിതി രവി, ശരത്കുമാർ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തല സംഗീതവും ഫയീസ് സിദ്ദിഖിന്റെ കാമറയും ശ്രദ്ധേയമായി. കളർ ഗ്രേഡിംഗും കഥയ്ക്ക് അനുയോജ്യം.