ഐ.പി.എൽ വനിത പ്രീമിയർ: താരലേലത്തിൽ പ്രതീക്ഷയോടെ ന‌ജ്‌ലയും

Friday 10 February 2023 12:10 AM IST
നജ്‌ല

തിരൂർ: ഐ.പി.എൽ മാതൃകയിൽ വനിത പ്രീമിയർ ലീഗ് താരലേല ലിസ്റ്റിൽ ഇടംനേടി തിരൂർ മുറിവഴിക്കൽ സ്വദേശിനി സി.എം.സി. നജ്‌ലയും. വിദേശ രാജ്യങ്ങളിലുൾപ്പടെ 409 പേരുള്ള ലിസ്റ്റിലാണ് 73-ാം നമ്പർ താരമായിട്ടാണ് 19 കാരിയായ നജ്‌ല ലിസ്റ്റിൽ ഇടംപിടിച്ചത്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ഐ.സി.സി. അണ്ടർ 19 വനിത ക്രിക്കറ്റ് ലോകകപ്പിൽ കിരീടം ഉയർത്തിയ ഇന്ത്യൻ ടീമിലെ റിസർവ് താരമായിരുന്നു നജ്‌ല. ചലഞ്ചർ ട്രോഫിയിലും കോർ ട്രയാങ്കിൾ ടൂർണമെന്റിലും കാഴ്ചവെച്ച നജ്‌ല ശ്രദ്ധേയമായിരുന്നു. മുൻപ് ഗോവയിൽ നടന്ന ചലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ നയിച്ചതും നജ്‌ലയായിരുന്നു. ഒരു കേരള താരം ആദ്യമായി ചലഞ്ചർ ട്രോഫിയിൽ ഇന്ത്യയുടെ ക്യാപ്റ്റനാവുകയെന്ന നേട്ടമാണ് താരം ചലഞ്ചർ ട്രോഫിയിലൂടെ സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി കെ.സി.എക്കു കീഴിലുള്ള വയനാട് ക്രിക്കറ്റ് അക്കാദമിയിലാണ് നജ്‌ല പരിശീലനം നടത്തി കൊണ്ടിരിക്കുന്നത്. ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയാണ്. ഓൾ റൗണ്ടറാണെങ്കിലും ബൗളിങ്ങാണ് നജ്‌ലയുടെ കുന്തമുന. വനിതാ പ്രീമിയർ ലീഗിൽ പ്രമുഖ ടീമുകളിൽ ഇടം നേടാനാവുമെന്ന പ്രതീക്ഷയിലാണ് നജ്‌ല.