ഷൊ​ർ​ണൂർ-നി​ല​മ്പൂ​ർ​ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെടുന്നു; റെ‌ഡ് സിഗ്നലിൽ നിലമ്പൂർ ട്രെയിൻ

Friday 10 February 2023 12:12 AM IST

പെരിന്തൽമണ്ണ: പരീക്ഷ, ഇൻറർവ്യൂ, ജോലി, ആശുപത്രി, മറ്റ് വിശേഷ ചടങ്ങുകൾ എന്നിവയ്ക്കായി നിങ്ങളുടെ യാത്ര നിലമ്പൂർ ഷോർണ്ണൂർ റൂട്ടിലെ ട്രെയിനിൽ ആണെങ്കിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടി വരും. ഈ റൂട്ടിലെ ട്രെയിൻ വഴിയിൽ കുടുങ്ങുന്നതും പാളത്തിലെ വിള്ളലും മറ്റും കാരണത്താൽ യാത്ര വൈകുന്നതും പതിവായിരിക്കുകയാണ്.

ബുധനാഴ്‌ച രാവിലെ പാളത്തിൽ വിള്ളൽ കണ്ടതിനെ പാലക്കാട്ടു നിന്ന് പുറപ്പെട്ട് 9.05ന് നിലമ്പൂരിൽ എത്തുന്ന പാലക്കാട്-നിലമ്പൂർ റോഡ് എക്സ്‌പ്രസ് വണ്ടിയാണ് ചെറുകര സ്റ്റേഷനിൽ നിർത്തിയിട്ടത്. അങ്ങാടിപ്പുറത്തിനും ചെറുകരയ്ക്കും ഇടയിൽ പരിശോധനയ്ക്കിടെ കീമാനാണ് വിള്ളൽ കണ്ടെത്തിയത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും അങ്ങാടിപ്പുറം റെയിൽവേസ്റ്റേഷനിൽ നിന്ന് എൻജിനിയറിംഗ് വിഭാഗമെത്തി തകരാർ പരിഹരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ രാവിലെ 7 മണിക്ക് പുറപ്പെട്ട നിലമ്പൂർ - ഷൊറണ്ണൂർ ട്രെയിൻ തൊടിയപ്പുലത്ത് വെച്ച് എൻജിൻ തകരാർ മൂലം യാത്ര നിർത്തി. ഇങ്ങനെയുള്ള സംഭവങ്ങൾ ഈ റൂട്ടിൽ തുടർക്കഥയാവുമ്പോൾ നിരവധി ആളുകളാണ് നിശ്ചയിച്ച സമയത്ത് ലക്ഷ്യസ്ഥലത്ത് എത്തിച്ചേരാൻ കഴിയാത്തത് മൂലം ദുരിതത്തിലാവുന്നത്. എൻജിൻ തകരാർ പരിഹരിച്ച്

യാത്ര പുനരാരംഭിക്കണമെങ്കിൽ ഷൊർണ്ണൂരിൽ നിന്ന് വേണം സാങ്കേതിക വിദഗ്ധർ എത്താൻ. സിംഗിൾ ലൈൻ ആയതിനാൽ കേടുവന്ന് കിടക്കുന്ന എൻജിന് സമീപം സാങ്കേതിക വിദഗ്ധർക്ക് വേഗം എത്തിച്ചേരാൻ സാധിക്കില്ല. റോഡ് മാർഗമാണ് പലപ്പോഴും ടെക്നിനിക്കൽ വിഭാഗം എത്താറ്. ഇത്രയും സമയം യാത്രക്കാർ ട്രെയിനിൽത്തന്നെ കുടുങ്ങി കഴിയേണ്ടതുണ്ട്.

സ്റ്റേഷനുകൾക്ക് സമീപത്താണെങ്കിൽ മാത്രം അത്യാവശ്യ യാത്രക്കാർക്ക് ബദൽ മാർഗ്ഗം സ്വീകരിക്കാം. അല്ലെങ്കിൽ എപ്പോൾ വണ്ടിയുടെ തകരാർ പരിഹരിക്കുന്നുവോ അത്രയും മണിക്കൂർ കുടുങ്ങി കിടക്കേണ്ടിവരും. 66 കിലോമീറ്റർ നീളമുള്ള ഷൊർണൂർ നിലമ്പൂർ പാതയിൽ കൂടുതൽ ക്രോസിംഗ് സ്റ്റേഷനുകൾ ഉണ്ടായാൽ മാത്രമേ ഈ പാതയിലൂടെയുള്ള ട്രെയിൻ യാത്ര കുറ്റമറ്റതാവൂ. നിലവിൽ ഷൊർണ്ണൂർ വിട്ടാൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് ക്രോസിംഗ് സ്റ്റേഷനുകളുള്ളത്. നിലമ്പൂർ വരെയുള്ള 11 സ്റ്റേഷനുകളിൽ ഇവയൊഴിച്ച് ഒമ്പതെണ്ണവും ഹാൾട്ടിങ്ങ് സ്റ്റേഷനുകളാണ്. ഒന്നിടവിട്ട സ്റ്റേഷനുകളെങ്കിലും ക്രോസിംഗ് സ്റ്റേഷനുകളാക്കി നവീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഒരു തീവണ്ടി വൈകിയാൽ ആ ദിവസം ഓടുന്ന എല്ലാ വണ്ടികളും വൈകുമെന്നതിനാൽ യാത്രക്കാർക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നില്ല. ഇത് കാരണം ഷൊർണ്ണൂരിൽ നിന്നുള്ള ദീർഘദൂര കണക്ഷനുകൾ നഷ്ടമാവുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്ത് നിന്ന് സത്വര നടപടികൾ വേണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടേയും ആവശ്യം.

Advertisement
Advertisement