രാജ്യസഭ നിയന്ത്രിച്ച് പി.ടി. ഉഷ
ന്യൂഡൽഹി: രാജ്യസഭ നിയന്ത്രിക്കുന്ന ആദ്യ നോമിനേറ്റഡ് അംഗമായി പി.ടി.ഉഷ. കഴിഞ്ഞ ദിവസം മൂന്നുമണിക്ക് അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറിന്റെ അഭാവത്തിലാണ് ഉഷയ്‌ക്ക് സഭ നിയന്ത്രിക്കാൻ അവസരം ലഭിച്ചത്.
'നാഴികക്കല്ലായ അഭിമാന നിമിഷമെന്ന്' സഭാ നടപടികളുടെ വീഡിയോ ക്ളിപ്പ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കിട്ട് ഉഷ കുറിച്ചു. സഭ നിയന്ത്രിച്ചപ്പോൾ 'വലിയ അധികാരങ്ങളിൽ വലിയ ഉത്തരവാദിത്വം കുടികൊള്ളുന്നുവെന്ന' ഫ്ള്രാങ്ക്ലിൻ റൂസ്‌വെൽറ്റിന്റെ വാക്കുകളാണ് മനസിലുയർന്നതെന്നും ജനങ്ങൾ തന്നിൽ അർപ്പിക്കുന്ന വിശ്വാസം നിലനിറുത്തി ഈ യാത്ര നാഴികക്കല്ലുകൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉഷ ട്വീറ്റിൽ പറഞ്ഞു.
ഉഷയുടെ പോസ്റ്റിന് കമന്റും ലൈക്കുമായി ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്.
2022 ജൂലായിലാണ് ഉഷയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌തത്. കഴിഞ്ഞ നവംബറിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബറിൽ ഉഷയെ അദ്ധ്യക്ഷന്റെ അസാന്നിധ്യത്തിൽ സഭാ നടപടികൾ നിയന്ത്രിക്കാനുള്ള ഉപാദ്ധ്യക്ഷൻമാരുടെ പാനലിൽ ഉൾപ്പെടുത്തി. പാനലിൽ അംഗമാകുന്ന ആദ്യ നോമിനേറ്റഡ് എം.പിയാണ് ഉഷ.