20-21ൽ പിരിക്കാതെ 21797 കോടി നികുതി

Thursday 09 February 2023 11:29 PM IST

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും രണ്ടുരൂപ സെസ് ചുമത്തിയും ഭൂമിന്യായവില 20 ശതമാനം കൂട്ടിയും വരുമാന വർദ്ധനയ്ക്കിറങ്ങിയ സർക്കാർ 20-21ൽ നികുതി പിരിവിൽ വൻ വീഴ്ചവരുത്തിയെന്ന് സി.എ.ജി റിപ്പോർട്ട്. 21,​797 കോടിയാണ് പിരിക്കാനുള്ളത്. കഴിഞ്ഞ 5 വർഷമായി കുടിശിക കിടക്കുന്ന 7100.32 കോടി രൂപയും ഇതിൽപ്പെടുന്നു.

എക്സൈസ്,​ രജിസ്ട്രേഷൻ തുടങ്ങിയ വകുപ്പുകളുടെ ക്രമക്കേടിലൂടെ കുടിശികയുടെ ഇരട്ടിയോളം തുക നഷ്ടമാകുന്നെന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ വച്ചു.

കൃത്യമായി വരുമാനം പിരിക്കാൻ അടിയന്തര നടപടിയും കുടിശിക കൈകാര്യം ചെയ്യാൻ ഡാറ്റാ സംവിധാവും ശുപാർശ ചെയ്യുന്നു. കൊവിഡ് മൂലം വരുമാനത്തിൽ കുത്തനെ ഇടിവുണ്ടായ വർഷമാണ് 2020-21.

സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കുമ്പോൾ ഒറിജിനൽ സർവ്വേ നമ്പർ അടിസ്ഥാനമാക്കാതെ ന്യായവില നിശ്ചയിച്ച് സർക്കാരിന് വൻ നഷ്ടമുണ്ടാക്കുന്നു. പ്രതിവർഷം നാലായിരം കോടിയോളം രൂപയുടെ വരുമാനമുണ്ടാക്കുന്ന വിഭാഗമാണ് ഭൂമി രജിസ്ട്രേഷൻ. കാര്യക്ഷമമായ സംവിധാനത്തിലൂടെ ക്രമക്കേടുകൾ തടയണമെന്നും സി.എ.ജി ശുപാർശ ചെയ്തു.

വിവിധ വകുപ്പുകളിൽ

കുടിശിക (കോടിയിൽ)​

 വില്പന നികുതി: 13830.43

വൈദ്യുതി തീരുവ: 2929.11

 വനം: 347.35

എക്സൈസ്: 269.68

 ഭൂനികുതി: 397.59

മുദ്രപത്രം,​ രജിസ്ട്രേഷൻ: 828.57

തുറമുഖം: 0.79

ഇരുമ്പേതരഖനനം: 131.61

മറ്റു വിഭാഗങ്ങൾ: 3062.73

 ആകെ: 21797.86 കോടി