കിട്ടാനുള്ള 34,000 കോടി പിരിക്കാതെ സെസ്, കള്ളക്കളി എണ്ണിപ്പറഞ്ഞ് സി എ ജി

Friday 10 February 2023 4:27 AM IST

 സെസ്, ഭൂമി ന്യായവില: കിട്ടുക 1100 കോടിയിൽ താഴെ

തിരുവനന്തപുരം: ഇന്ധന സെസിലൂടെ ജനത്തെ പിഴിയാൻ സർക്കാർ കച്ചകെട്ടിയിരിക്കെ, ഈ വർഷം ജനുവരി വരെ മാത്രം പിരിച്ചെടുക്കാനുള്ളത് 12923.21 കോടിയുടെ നികുതി.

20-21ൽ 21,797 കോടി റെക്കാഡ് കുടിശികയുണ്ടെന്നാണ് സി.എ.ജി റിപ്പോർട്ട്. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 34,000 കോടി കവിയും ആകെ കുടിശിക.

എന്നാൽ, പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് പിരിച്ചാൽ വർഷം കിട്ടുക 750 കോടിയും ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടിയതിലൂടെ കിട്ടുക 307കോടിയും മാത്രം. ഡീസൽ വിലകൂടുമ്പോഴുണ്ടാകുന്ന വിലക്കയറ്റഭാരം വേറെയും. കഴിഞ്ഞ വർഷത്തെ നികുതിവരുമാനം 29002.48 കോടി രൂപയാണ്.

വിവിധ വകുപ്പുകളുടെ ക്രമക്കേടും വഴിവിട്ടുള്ള ആനുകൂല്യം നൽകലും ഒഴിവാക്കിയാൽപ്പോലും നിലവിലുള്ളതിന്റെ 25 ശതമാനം അധികവരുമാനം കിട്ടുമെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ. എക്സൈസ്,​ രജിസ്ട്രേഷൻ വകുപ്പുകളുടെ ക്രമക്കേടിലൂടെ കുടിശികയുടെ ഇരട്ടിയോളം തുക നഷ്ടമാകുന്നെന്ന ഗുരുതര ആരോപണവും ഇന്നലെ നിയമസഭയിൽ വച്ച റിപ്പോർട്ടിലുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കുമ്പോൾ ഒറിജിനൽ സർവേനമ്പർ അടിസ്ഥാനമാക്കാതെ ന്യായവില നിശ്ചയിച്ച് കോടികൾ നഷ്ടപ്പെടുത്തുന്നു.

അതേസമയം, സർക്കാർ പെട്രോൾ, ഡീസൽ സെസ് ഏർപ്പെടുത്തിയതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്നും ആക്ഷേപമുയരുന്നു. കേന്ദ്ര സർക്കാർ വായ്പാപരിധി നിയന്ത്രിക്കുന്നത് കൊണ്ടാണ് സെസിന് നിർബന്ധിതമായതെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയും ആവർത്തിച്ചു. 60 ലക്ഷം കുടുംബത്തിന് ക്ഷേമപെൻഷൻ നൽകാൻ സെസ് അല്ലാതെ നിർവാഹമില്ലെന്ന് വരുത്തി കേന്ദ്രത്തെ പ്രതിക്കൂട്ടിൽ നിറുത്തുകയാണ്.

എന്നാൽ, കേന്ദ്രവിഹിതത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നാണ് സി.എ.ജി റിപ്പോർട്ട്. കഴിഞ്ഞവർഷം മാത്രം 42628 കോടിയാണ് ഗ്രാൻഡായും നികുതി വിഹിതമായും അനുവദിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യവർഷമായ 2016ൽ നൽകിയതിന്റെ ഇരട്ടിയോളം വരുമിത്. അന്ന് 23735.37കോടിയായിരുന്നു കേന്ദ്രവിഹിതം.

ക്ഷേമപെൻഷൻ നൽകാൻ ചെലവ് 11000 കോടിയാണ്. ഇതിന് വായ്പയെടുക്കാൻ സംസ്ഥാനം ഗാരന്റി നിൽക്കുന്നതിന്റെ പേരിൽ കേന്ദ്രം വായ്പാപരിധിയിൽ കുറവ് വരുത്തുന്നത് 4000 കോടിക്ക് മാത്രം.

കള്ളക്കളി എണ്ണിപ്പറഞ്ഞ്

സി.എ.ജി റിപ്പോർട്ട്

1. കരാറുകളുമായി ബന്ധപ്പെട്ട നികുതി നിർണ്ണയത്തിൽ വീഴ്ച

2. നിയമപ്രകാരമല്ലാതെ ഇളവുകളും ആനുകൂല്യങ്ങളും നൽകുന്നു

3. പരാതിയും നിയമനടപടിയും സ്റ്റേയും ഒഴിവാക്കുന്നതിൽ ഉദാസീനത

4. ബാറുകളുമായി ബന്ധപ്പെട്ട ലൈസൻസ് പുതുക്കുന്നതിൽ കള്ളക്കളി

5. ലൈസൻസ് അനധികൃതമായി കൈമാറ്റം ചെയ്യാൻ അനുവദിക്കുന്നു

6. പങ്കാളി മാറിയാൽ പുതിയ ലൈസൻസ് എന്ന വ്യവസ്ഥ ലംഘിക്കുന്നു

പിരിച്ചെടുക്കാത്ത

നികുതി (കോടിയിൽ)

2016-17 - 5437.23

2017-18 - 6951.88

2018-19 -7974.34

2019-20 -15461.46

2020-21 -21797.86

കേന്ദ്രവിഹിതം (കോടിയിൽ)

2016-17 -23735.37

2017-18 - 25360.92

2018-19 - 30427.13

2019-20 - 27636.31

2020-21 - 42628.68