ഭാരത് ബ്രാൻഡ് രാസവളം വിപണിയിൽ

Friday 10 February 2023 12:32 AM IST
ഒരു രാജ്യം ഒരു രാസവളം എന്ന മുദ്രാവാക്യം രേഖപ്പെടുത്തിയ ഭാരത് ബ്രാൻഡ് രാസവളങ്ങൾ.

വടക്കഞ്ചേരി: പ്രത്യേക നിറത്തിലുള്ള ചാക്കുകളിൽ ഭാരത് ബ്രാൻഡ് രാസവളങ്ങൾ വിപണിയിൽ എത്തിത്തുടങ്ങി. നെന്മാറ, അയിലൂർ, വടക്കഞ്ചേരി പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളിലുമാണ് ഭാരത് ബ്രാൻഡ് യൂറിയയും പൊട്ടാഷും എത്തിയത്. ഭാരത് യൂറിയ മഞ്ഞ നിറത്തിലുള്ള ചാക്കിലും, പൊട്ടാഷ് പിങ്ക് നിറത്തിലുള്ള ചാക്കുകളിലുമാണ് ലഭ്യമാകുക.

ഭാരത് ബ്രാൻഡിലുള്ള രാസവളങ്ങൾ ഉൾക്കൊള്ളുന്ന ചാക്കുകളിലെ മൂന്നിൽ ഒരുഭാഗത്ത് മാത്രമേ നിർമ്മാണ കമ്പനിയുടെയോ ഇറക്കുമതി കമ്പനിയുടെയോ പേരും മറ്റും രേഖപ്പെടുത്താൻ അനുമതിയുള്ളൂ. ബാക്കി സ്ഥലങ്ങളിൽ. സർക്കാർ നിശ്ചയിച്ച രീതിയിലുള്ള ഭാരത് ബ്രാൻഡ് ലോഗോ മുദ്രണം ചെയ്ത് വിൽപ്പന നടത്തണം.

ഭാരത് ബ്രാൻഡിൽ ഓരോ ചാക്കിലും യഥാർത്ഥ വില, സബ്സിഡി തുക, വില്പന വില എന്നിവ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. രാസവളങ്ങൾക്ക് നിലവിലെ വില്പന വിലയിൽ വ്യത്യാസമില്ല. ഉൽപ്പന്നത്തിന്റെ പേര് മലയാളം ഉൾപ്പെടെ 16 ഇന്ത്യൻ ഭാഷകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരത് യൂറിയ, ഭാരത് പൊട്ടാഷ്, ഭാരത് ഡി.എ.പി എന്നിങ്ങനെ പേരിൽ ഉൽപ്പന്നങ്ങൾ എത്തിയത് മൂലം വ്യാപാര സ്ഥാപനങ്ങളുടെ മത്സരവും ചരക്കുകൂലി വർദ്ധനവും ഇല്ലാതാക്കാനും ഗുണനിലവാരം നിലനിറുത്താനും കഴിയുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.

2022ലെ കിസാൻ സമ്മാൻ സമ്മേളനത്തിൽ പ്രധാനമന്ത്രിയാണ് ഭാരത് എന്ന ഒറ്റ പേരിൽ രാസവളങ്ങൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. തുടർന്നാണ് പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന പദ്ധതി നടപ്പാക്കിയത്. ഇതനുസരിച്ചാണ് രാസവളങ്ങൾ ഭാരത് ബ്രാൻഡിൽ വിപണനം ആരംഭിച്ചത്.