ഡോക്ടറെ കൈയേറ്റംചെയ്ത യുവാവ് പിടിയിൽ

Friday 10 February 2023 12:54 AM IST

പന്തളം : വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ച മകനെ ചികിത്സിച്ച ഡോക്ടറെ കൈയേറ്റം ചെയ്ത പിതാവിനെ പൊലീസ് അറസ്റ്രുചെയ്തു. കുളനട മാന്തുക അരുൺ നിവാസിൽ അരുണാണ് (42)​ പിടിയിലായത്. ബുധനാഴ്ച രാത്രി കുളനടയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പരിക്കേറ്റ അരുണിന്റെ മകൻ അമർജിത്ത് (5) നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. . കാറിൽ ഉണ്ടായിരുന്ന അരുണിനും ഭാര്യ മഞ്ജുവിനും, മറ്റു രണ്ടു മക്കൾക്കും പരിക്കേറ്റിരുന്നില്ല. അമർജിത്തുമായി 10.45 ഓടെ പന്തളം സിഎം ആശുപത്രിയിൽ എത്തിയ അരുൺ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.സുമാ മോനി മാത്യുവിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദ്ദിക്കുകയും, ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതായാണ് പരാതി. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പന്തളം സിഐ.എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്രുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.