ആഞ്ഞിലിത്താനം -ഉദ്ധാനത്തുപടി -നെല്ലിമല റോഡിൽ നരകയാത്ര

Friday 10 February 2023 12:18 AM IST

തിരുവല്ല: തകർന്ന് തരിപ്പണമായ ആഞ്ഞിലിത്താനം - ഉദ്ധാനത്തുപടി - നെല്ലിമല റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. ടാറിംഗ് പൊളിഞ്ഞു മെറ്റലിളകി കിടക്കുന്നതിനാൽ ഭീതിയോടെയാണ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഈ റോഡിലൂടെ കടന്നുപോകുന്നത്. കുത്തനെയുള്ള കയറ്റവും വളവുകളും നിറഞ്ഞ റോഡിലൂടെ നടന്നുപോകാൻ പോലും ബുദ്ധിമുട്ടാണ്. കവിയൂർ പഞ്ചായത്തിലെ 1, 14 വാർഡുകളിലൂടെയും കുന്നന്താനം പഞ്ചായത്തിലെ 10, 11 വാർഡുകളിലൂടെയുമാണ് റോഡ് കടന്നുപോകുന്നത്. രണ്ട് കിലോമീറ്റർ ദൂരത്തിൽ ജനവാസ മേഖലയിലൂടെയുള്ള റോഡിന്റെ തകർച്ച വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ദുരിതത്തിലാക്കുന്നു. ബസ് സർവീസില്ലാത്ത റോഡായതിനാൽ ടാക്സികളാണ് നാട്ടുകാർക്ക് ആശ്രയം. എന്നാൽ റോഡിന്റെ തകർച്ചമൂലം ടാക്‌സികൾ വരാൻ മടിക്കുകയാണ്. മൂന്ന് വർഷങ്ങൾക്കുമുമ്പ് ജില്ലാ പഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും മഴക്കാലത്ത് റോഡ് വീണ്ടും തകർച്ചയിലായി. അശാസ്ത്രീയമായ രീതിയിലാണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനങ്ങളുടെ പ്രതിഷേധം ഉയർന്നതോടെ റോഡ് നവീകരണത്തിന് ജില്ലാ പഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമ്മിക്കുമെന്ന് ആന്റോ ആന്റണി എം.പി. അറിയിച്ചിരുന്നു. റോഡിന്റെ എസ്റ്റിമേറ്റ് ഉൾപ്പെടെ തയ്യാറാക്കി നൽകിയെങ്കിലും തുടർനടപടികൾ വൈകുകയാണ്. മഴക്കാലം തുടങ്ങുംമുമ്പേ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.