സാക്ഷരത പ്രേരകിന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാർ

Friday 10 February 2023 1:04 AM IST

കൊല്ലം: ഏറ്റവും മികച്ച സാക്ഷരത പ്രവർത്തകനുള്ള രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചിട്ടുള്ള പത്തനാപുരം മാങ്കോട് സ്വദേശി ഇ.എസ്.ബിജുമോനെ ആത്മഹത്യയിലേക്ക് നയിച്ചത് സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക നിലപാടാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്‌ജറ്റിന്റെ ആദ്യ ഇരയാണ് ബിജുമോൻ. കഴിഞ്ഞ നാല് മാസമായി കേരളത്തിലെ സാക്ഷരതാ പ്രേരകുമാർക്ക് ശമ്പളം ലഭിക്കുന്നില്ല. ബഡ്ജറ്റിൽ ശമ്പളം ലഭിക്കാനുള്ള തുക വകയിരുത്തുമെന്ന് പ്രതിക്ഷയിലായിരുന്നു ബിജുമോൻ. ഇത് നടപ്പിലാക്കാതെ വന്നപ്പോഴാണ് ദരിദ്ര കുടുംബാംഗമായ അദ്ദേഹം ആത്മഹത്യ ചെയ്തത്. ധനമന്ത്രിയുടെ സ്വന്തം ജില്ലയിലാണ് ഇത്തരം ദൗർഭാഗ്യകരമായ സംഭവം ഉണ്ടായിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരകുമാരെ എട്ടുമാസം മുമ്പ് തദ്ദേശവകുപ്പിന്റെ കീഴീലാക്കിയെങ്കിലും ഇത് നടപ്പിലാക്കാതെ വന്നതാണ് ശമ്പളം തടസപ്പെടാൻ കാരണം. തദ്ദേശ വകുപ്പും മന്ത്രി എം.ബി.രാജേഷുമാണ് ബിജുമോന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്നും ബി.ബി.ഗോപകുമാർ പറഞ്ഞു.