കൊല്ലം- തേനി ദേശീയപാത, സ്ഥലമേറ്റെടുക്കലിന് നടപടി

Friday 10 February 2023 1:40 AM IST

കൊല്ലം: കൊല്ലം - തേനി ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 'ത്രി എ" വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടി തുടങ്ങി.

ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദാംശങ്ങൾ ശേഖരിച്ച് 'ത്രി എ" വിജ്ഞാപനം തയ്യാറാക്കാനായി പൊതുമരാമത്ത് ദേശീയപാത വിഭാഗം പാതയുടെ പുതിയ രൂപരേഖ ഇന്നലെ സ്ഥലമേറ്റെടുക്കൽ സ്പെഷ്യൽ തഹസിൽദാർക്ക് കൈമാറി.

ദേശീയ ഉപരിതല ഗതാഗത മന്ത്രാലയം പാതയുടെ അന്തിമ അലൈൻമെന്റ് ഇതുവരെ ഔദ്യോഗികമായി നൽകിയിട്ടില്ല. കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്ന അറിയിപ്പോടെ നൽകിയ കരട് അലൈൻമെന്റിന്റെ അടിസ്ഥാനത്തിലാണ് സ്ഥലമേറ്റെടുക്കൽ ആരംഭിക്കുന്നത്.

ദേശീയപാത ആരംഭിക്കുന്ന കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ഭാഗം 16 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. 7.5 മീറ്ററിൽ രണ്ട് വരിപ്പാതയും വശങ്ങളിൽ ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും തൊട്ടുചേർന്ന് ഓടയുമുണ്ടാകും. ദേശീയപാത പൊതുമരാമത്ത് വിഭാഗവും സ്ഥലമേറ്റെടുക്കൽ സംഘവും നേരത്തെ പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടത്തിയിരുന്നു. ജില്ലയിൽ 11 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. കടവൂർ മുതൽ ആഞ്ഞിലിമൂട് വരെ ഏകദേശം 54 കിലോമീറ്റർ നീളത്തിലാണ് വികസനം.

പുതിയ അലൈൻമെന്റ്

 പെരിനാട് റെയിൽവേ ഓവർബ്രിഡ്ജ് മുതൽ ഭരണിക്കാവ് ഊക്കൻ മുക്ക് വരെ 11 കിലോ മീറ്റർ ബൈപ്പാസ് ആലോചന തള്ളി

 ഇപ്പോൾ പാത കടന്നുപോകുന്ന അതേ സ്ഥലത്ത് കൂടി തന്നെയാകും പുതിയ രണ്ടുവരി പാത

 ഭരണിക്കാവിൽ 640 മീറ്റർ നീളത്തിൽ രണ്ട് വരി ഫ്ലൈ ഓവറാണ് പുതിയ അലൈൻമെന്റിലുള്ളത്

 ഇതുപ്രകാരമുള്ള ഡി.പി.ആർ തയ്യാറാക്കൽ പുരോഗമിക്കുന്നു

ക്യാരേജ് വേ - 7.5 മീറ്രർ

നടപ്പാത - 1.5 മീറ്റർ (ഇരുവശങ്ങളിലും)

കൊല്ലം- തേനി പാത ദേശീയപാതയാണെങ്കിലും നിലവിൽ പലയിടങ്ങളിലും ആറ് മീറ്റർ വീതിയേയുള്ളു. അതിനാൽ അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമാണ്. അനധികൃത കൈയേറ്റങ്ങളും പ്രശ്നം സൃഷ്ടിക്കുന്നു.

ദേശീയപാത അധികൃതർ