സ്പോർട്സ് കൗൺസിലിൽ കായിക താരങ്ങൾക്ക് പ്രാമുഖ്യമേറും

Friday 10 February 2023 3:52 AM IST

തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ഭരണസമിതിയിൽ കായിക താരങ്ങൾക്ക് പ്രാമുഖ്യം നൽകാൻ സർക്കാർ നീക്കം. മേഴ്സി കുട്ടന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ മൊത്തത്തിൽ രാജി വയ്പ്പിച്ച ശേഷം മുൻ അന്താരാഷ്ട്ര ഫുട്ബാൾ താരം യു.ഷറഫലിയെ കഴിഞ്ഞദിവസം സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി നിയമിച്ചിരുന്നു. വൈസ് പ്രസിഡന്റും ഏഴ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളും അടങ്ങുന്ന ഭരണസമിതിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ നടന്നുവരികയാണ്.

സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായി കൂടുതൽ കായിക താരങ്ങളെ ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്. കഴിഞ്ഞ കമ്മിറ്റിയിൽ പ്രസിഡന്റ് അടക്കം മൂന്ന് കായിക താരങ്ങളാണ് ഉണ്ടായിരുന്നത്. ഇത്തവണ അത് നാലായി ഉയർത്താനാണ് നീക്കം.മുൻ ലോക ബോക്സിംഗ് ചാമ്പ്യൻ കെ.സി ലേഖ, ഫുട്ബാൾ താരം സി.കെ വിനീത്, ഒളിമ്പ്യൻ അത്‌ലറ്റ് കെ.എം ബിനു എന്നിവർ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് എത്തുമെന്നാണ് അറിയുന്നത്. വോളിബാൾ താരം കിഷോർ കുമാർ, അത്‌ലറ്റ് കെ.എം ബീനമോൾ എന്നിവരും പരിഗണനപ്പട്ടികയിലുണ്ടായിരുന്നു. കായിക അസോസിയേഷൻ ഭാരവാഹികളുടെ പ്രതിനിധികളായി സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുന്നവരിലും കായിക രംഗവുമായി അടുത്ത ബന്ധമുള്ളവരെ ഉൾപ്പെടുത്താനാണ് തീരുമാനം.

കൗൺസിൽ പ്രസിഡന്റിനെ നോമിനേഷനിലൂടെയും ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെയുമാണ് തിരഞ്ഞെടുക്കേണ്ടത്. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കാലാവധി പൂർത്തിയാക്കാതെ രാജിവച്ച സാഹചര്യത്തിൽ സ്പോർട്സ് ആക്ട് പ്രകാരം താത്കാലിക ഭരണസമിതിയെ സർക്കാർ നോമിനേറ്റ് ചെയ്യും. കമ്മിറ്റിയുടെ കാലാവധി പൂർത്തിയാകുന്ന സമയത്ത് തിരഞ്ഞെടുപ്പ് നടത്തും.