ഹൈസ്കൂളുകൾക്ക് കിട്ടും 3582 ലാപ്ടോപ്പ്

Saturday 11 February 2023 12:59 AM IST

പാലക്കാട്: ജില്ലയിലെ വിവിധ ഹൈസ്കൂളുകൾക്ക് കൈറ്റ് പദ്ധതി വഴി 3582 ലാപ്‌ടോപ്പുകൾ അനുവദിച്ചു. ഹൈടെക് പദ്ധതിയുടെ ഭാഗമായി നൽകിയ 10176 ലാപ്‌ടോപ്പുകൾക്ക് പുറമെ അഞ്ചുവർഷ വാറണ്ടിയോടെ 1200 ലാപ്‌ടോപ്പും വിദ്യാകിരണം പദ്ധതിയുടെ പുതിയതും പുനഃക്രമീകരണം നടത്തിയും 2382 ലാപ്‌ടോപ്പുമാണ് നൽകുക. എല്ലാ ഉപകരണങ്ങൾക്കും പ്രകൃതിക്ഷോഭം മൂലമുള്ള കേടുപാടുകൾ, മോഷണം തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നുണ്ട്.

മാർഗനി‌ർദേശം

സർക്കാർ അനുവദിച്ച വിവിധ ഫണ്ട് വിനിയോഗിച്ച് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള പുതുക്കിയ മാർഗനിർദേശം www.kite.kerala.gov.inൽ ലഭിക്കും. സ്വതന്ത്ര സോഫ്‌റ്റ്‌വെയർ അല്ലാത്തതും ലൈസൻസ് നിബന്ധനകളുള്ളതും സ്കൂളുകളിൽ വിന്യസിപ്പിക്കാൻ പാടില്ല.

സൈബർ സുരക്ഷ

സ്കൂളുകൾക്കായുള്ള സൈബർ സുരക്ഷാ മാനദണ്ഡം കൃത്യമായി പാലിക്കണം. കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ സ്വകാര്യ സെർവറുകളിൽ സൂക്ഷിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനം നടത്താൻ പാടില്ല.

-ജില്ലാ കോഓഡിനേറ്റർ,​ കൈറ്റ്.

പരിരക്ഷ ഉറപ്പാക്കും

അഞ്ചുവർഷ വാറണ്ടി കഴിഞ്ഞ ലാപ്‌ടോപ്പ്, പ്രോജക്ടർ എന്നിവയ്ക്ക് രണ്ടുവർഷത്തെ എ.എം.സി പരിരക്ഷ ഉറപ്പാക്കും. ഉപകരണങ്ങളുമായി ബന്ധപ്പെട്ട പരാതി സ്കൂൾ വെബ് പോർട്ടലിൽ റിപ്പോർട്ട് ചെയ്യണം.

കെ.അൻവർ സാദത്ത്,​ സി.ഇ.ഒ,​ കൈറ്റ്.