ശമ്പളത്തിന് സർക്കാരിനു മുന്നിൽ കൈനീട്ടേണ്ടതില്ല , കേന്ദ്രം - കിഫ്ബി വക 2,205 ബസുകൾ കരപറ്റാൻ കെ.എസ്.ആർ.ടി.സി

Saturday 11 February 2023 1:54 AM IST

തിരുവനന്തപുരം: കേന്ദ്ര സ‌ർക്കാരിന്റെയും കിഫ്ബിയുടെ പദ്ധതികളിൽ നിന്നുൾപ്പെടെ 2,205 ബസുകൾ കൂടി വരും മാസങ്ങളിൽ കെ. എസ്.ആർ.ടി.സിക്ക് ലഭിക്കുന്നതോടെ പ്രതിദിന കളക്ഷൻ 10 കോടിയാവും. 6000 ബസുകളാവുന്നതോടെ ലഭിക്കുന്ന വരുമാനത്തിലൂടെ ഒഴിവാകുന്നത് ശമ്പളക്കാര്യത്തിന് സർക്കാരിന്റെ മുന്നിലെ കൈനീട്ടലും ശമ്പളം നൽകാത്തതിന് കോടതിയിൽ നിന്നുള്ള 'കൊട്ടും".

6000 ബസുകൾ നിരത്തിലിറങ്ങിയാൽ പ്രതിദിനം പ്രതീക്ഷിക്കുന്നത് ശരാശരി 10.5 കോടി. പ്രതിമാസം 315 കോടി ലഭിച്ചാൽ അധികമായി ലഭിക്കുന്ന കളക്ഷൻ തുക 105 കോടിയാവും. 63.5 കോടി രൂപ കുറവ് മറികടക്കുന്നതിനാെപ്പം അധികതുകയായ 41.5 കോടി ബസുകളുടെ പരിപാലനത്തിനും വിനിയോഗിക്കാം.

ബഡ്ജറ്റിൽ പെൻഷനും ശമ്പളത്തിനുമായി 900 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പെൻഷൻ ബാദ്ധ്യത ഏറ്റെടുക്കാനുള്ള ശേഷി സ്ഥാപനത്തിനില്ല. 12 മാസത്തെ പെൻഷൻ നൽകാൻ വേണ്ടത് ഏകദേശം 780 കോടി. ശേഷിക്കുന്ന 120 കോടി രൂപയാണ് ശമ്പളത്തിനുള്ളത്. ശമ്പളത്തിനായി എല്ലാമാസവും 50 കോടി രൂപ വീതം സർക്കാരിൽ നിന്ന് വാങ്ങുകയാണ്.

പുതിയ 2,205 ബസുകൾ

കിഫ്ബിയുടെ ഇ-ബസ്- 690

സർക്കാർ ഗ്രാന്റിൽ ഡീസൽ ബസ് - 265 (അടുത്ത മാസം എത്തും)

3 കേന്ദ്ര പദ്ധതിയിൽ ഇ-ബസുകൾ - 1250

കേന്ദ്ര ഊർജ്ജ വകുപ്പിന്റെ നാഷണൽ ബസ് പ്രോഗ്രാം - 750

നഗരകാര്യവകുപ്പിന്റെ ഓഗുമെന്റേഷൻ ഒഫ് സിറ്റി സർവീസ് സ്കീം - 250

കേന്ദ്ര വ്യവസായ വകുപ്പിന്റെ ഫെയിം 2 പദ്ധതി പ്രകാരം -250

ഇപ്പോൾ

സർവീസ് നടത്തുന്ന ബസുകൾ- 4000

പ്രതിദിന കളക്ഷൻ- 7 കോടി

പ്രതിമാസം - 210 കോടി

വേണ്ടത്- 273.5 കോടി

കുറവ്- 63.5 കോടി

വഴിയിലെ തടസ്സങ്ങൾ

കിഫ്ബിയുടെ 348 കോടി രൂപ അനുവദിക്കൽ നീളുന്നു.

കേന്ദ്ര ഊർജ്ജവകുപ്പിന്റെയും വ്യവസായ വകുപ്പിന്റെയും വാടക വ്യവസ്ഥയിൽ ലഭിക്കുന്ന ബസുകൾക്ക് സബ്സിഡി വേണമെന്നതിൽ തീരുമാനമായിട്ടില്ല.