34 ജഡ്‌ജിമാർ :ഫുൾ ടീം ആയി സുപ്രീംകോടതി

Saturday 11 February 2023 1:56 AM IST

ന്യൂ ഡൽഹി : സുപ്രീംകോടതി അനുവദിച്ചിട്ടുള്ള 34ജഡ്‌ജിമാരുമായി പൂർണ്ണ അംഗബലത്തിലേക്ക്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദൽ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരെ സുപ്രീംകോടതി ജഡ്‌ജിമാരായി ഇന്നലെ നിയമിച്ചതോടെയാണ് പരമോന്നത കോടതി ഫുൾ ടീമായത്. രാജേഷ് ബിന്ദലിനെയും അരവിന്ദ് കുമാറിനെയും നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് വിജ്ഞാപനമിറക്കാൻ കേന്ദ്രം പത്തുദിവസം മാത്രമാണെടുത്തത്.

ഇരുവരെയും സുപ്രീംകോടതി ജഡ്‌ജിമാരായി നിയമിച്ച വിവരം കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു ട്വിറ്ററിലൂടെ അറിയിച്ചു.

ജഡ്‌ജി നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും സുപ്രീംകോടതിയിൽ നിന്ന് കേന്ദ്രസർക്കാർ നിരന്തരം വിമ‌ർശനം ഏറ്റു വാങ്ങുന്നതിനിടെയാണ് വേഗത്തിൽ നിയമന നടപടികൾ പൂർത്തിയാക്കിയത്. ജനുവരി 31നാണ് രണ്ട് ജഡ്‌ജിമാരെ സുപ്രീംകോടതിയിൽ നിയമിക്കാൻ കൊളീജിയം ശുപാ‌ർശ ചെയ്‌തത്.

2025 ഏപ്രിൽ വരെയാണ് ജസ്റ്റിസ് രാജേഷ് ബിന്ദലിന്റെ കാലാവധി. ജസ്റ്റിസ് അരവിന്ദ് കുമാറിന് മൂന്ന് വർഷത്തിലധികം സർവീസുണ്ട്. 2026 ജൂലൈ 13 ആണ് റിട്ടയർമെന്റ് തീയതി.