ഉമ്മൻചാണ്ടിയുടെ നില മെച്ചപ്പെട്ടു
തിരുവനന്തപുരം: ന്യുമോണിയ ബാധയെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനില പൂർണ്ണമായും മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.
തുടർചികിത്സയ്ക്കായി ബംഗുളൂരുവിലേക്ക് കൊണ്ടുപോകുന്നതിന് തടസമില്ലെന്ന് ചികിത്സയുടെ മേൽനോട്ടം വഹിച്ച ഡോ.മഞ്ജു തമ്പി അറിയിച്ചു. എന്നാൽ, ഡിസ്ചാർജ് ചെയ്യുന്നത് തീരുമാനിച്ചിട്ടില്ല.
പനി മാറി. ശ്വാസ തടസമില്ല. കഴിഞ്ഞ 48 മണിക്കൂറിൽ ഓക്സിജൻ സഹായം വേണ്ടിവന്നില്ല. ചെറിയ തോതിൽ പിടിച്ചു നടക്കുന്നുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിക്കുന്നുണ്ട്. ഐ.സി.യു ഐസൊലേഷൻ വാർഡിലാണ് വിശ്രമിക്കുന്നത്.
ആരോഗ്യവകുപ്പ് നിയോഗിച്ച പ്രത്യേക മെഡിക്കൽ സംഘവും അദ്ദേഹത്തെ വിശദമായി പരിശോധിച്ചു. തുടർചികിത്സയ്ക്ക് പോകണമെന്ന അഭിപ്രായം ഉമ്മൻചാണ്ടിയും കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. നിംസിൽ നിന്ന് നേരിട്ട് ബംഗളൂരുവിലേക്ക് കൊണ്ടുപോവുകയാണെങ്കിൽ രണ്ട് ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സേവനം നൽകുമെന്നും ഡോ.മഞ്ജുതമ്പി അറിയിച്ചു.
മന്ത്രി അഹമ്മദ് ദേവർകോവിൽ, ബെന്നിവഹനാൻ എം.പി എന്നിവർ ഇന്നലെ ഉമ്മൻചാണ്ടിയെ സന്ദർശിച്ചു.