വാട്ടർ അതോറിട്ടി ടെക്.സ്പെഷ്യൽ റൂൾ: 2076 ഓപ്പറേറ്റർമാരുടെ പ്രൊമോഷന് വിലങ്ങ്

Saturday 11 February 2023 12:59 AM IST

തിരുവനന്തപുരം: അര നൂറ്റാണ്ടത്തെ കാത്തിരിപ്പിനുവശേഷം വാട്ടർ അതോറിട്ടിയിൽ നടപ്പാക്കിയ ടെക്നിക്കൽ സ്‌പെഷ്യൽ റൂളിലെ അപാകത 2076 ഓപ്പറേറ്റർമാരുടെ പ്രൊമോഷൻ സാദ്ധ്യത ഇരുട്ടിലാക്കി.

ഇവരുടെ ഏറ്റവും ഉയർന്ന പ്രൊമോഷനായ മെക്കാനിക്കൽ സൂപ്രണ്ട് തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമില്ല. ഓപ്പറേറ്റർ - ഹെഡ് ഓപ്പറേറ്റർ - മെക്കാനിക്കൽ സൂപ്രണ്ട് എന്നതാണ് പ്രൊമോഷൻ ഘടന. എസ്.എസ്.എൽ.സിയും ഐ.ടി.ഐ ഇലക്ട്രീഷ്യൻ/ മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ കോഴ്സുമാണ് ഓപ്പറേറ്റർമാരുടെ യോഗ്യത. എന്നാൽ സ്‌പെഷ്യൽ റൂൾ പുതുക്കിയപ്പോൾ മെക്കാനിക്കൽ സൂപ്രണ്ട് തസ്തികയ്‌ക്ക് മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ കൂടി നിർബന്ധമാക്കി.യൂണിയനുകളുമായുള്ള ചർച്ചയെ തുടർന്ന് ഈ വ്യവസ്ഥ ഒഴിവാക്കിയാണ് സ്‌പെഷ്യൽ റൂളിന്റെ കരട് പ്രസിദ്ധീകരിച്ചത്. എന്നാൽ, അന്തിമ ഉത്തരവിറങ്ങിയപ്പോൾ ഇത് അട്ടിമറിക്കപ്പെട്ടു.

സീനിയോറിട്ടി മറി കടന്ന് പ്രൊമോഷൻ നൽകാനാണ് മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ നിർബന്ധമാക്കിയതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ലഭിക്കേണ്ട മീറ്റർ റീഡർ തസ്തികയിലേക്ക് തസ്തിക മാറ്റം വഴിയുള്ള പ്രൊമോഷനും പുതിയ റൂളിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓപ്പറേറ്റർമാരുടെ പ്രൊമോഷൻ അവസരം കൂട്ടാനും ,സെക്ഷൻ തലത്തിൽ അസിസ്റ്റന്റ് എൻജിനീയർമാരുടെ ജോലി ഭാരം കുറയ്ക്കാനും 2016ൽ 216 ഹെഡ് ഓപ്പറേറ്റർമാർക്ക് സൂപ്പർവൈസറി തസ്തികയിൽ പ്രൊമോഷൻ നൽകി. എന്നാൽ,​ ഇവ ക്രമേണ ഇല്ലാതാക്കി.

ഇപ്പോൾ 86 തസ്തികകൾ മാത്രമെയുള്ളൂ. ഒഴിവുള്ള 29 എണ്ണത്തിൽ നിയമനവും നടത്തുന്നില്ല. ഏഴ് വർഷത്തിലധികമായി സൂപ്പർവൈസറി തസ്തികയിൽ ജോലി ചെയ്യുന്നവരെ ഒഴിവാക്കിയാണ് സ്പെഷ്യൽ റൂൾ തയ്യാറാക്കിയത്. ഇവർക്ക് സീനിയോറിട്ടി അടിസ്ഥാനത്തിൽ മെക്കാനിക്കൽ സൂപ്രണ്ടുമാരായി പ്രൊമോഷൻ നൽകണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നു..

.