റവന്യു കുടിശ്ശിക പെരുകുന്നത് സർക്കാർ അനാസ്ഥമൂലം: സി.എ.ജി

Saturday 11 February 2023 1:08 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യു കുടിശ്ശിക പെരുകുന്നതിന് കാരണം സർക്കാരിന്റെ അനാസ്ഥയാണെന്ന് സി.എ.ജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ. 2020-21 വർഷത്തെ 21,797 കോടിയുടെ കുടിശ്ശിക സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 22.33 ശതമാനത്തോളം വരും. എന്നിട്ടും സർക്കാർ വകുപ്പുകൾക്ക് അതിന്റെ ഗൗരവമില്ല. ഒരു വർഷവും കുടിശ്ശികക്കണക്ക് ആവശ്യപ്പെടാതെ വകുപ്പുകൾ റിപ്പോർട്ട് ചെയ്യാറില്ല. പിരിച്ചെടുക്കാൻ ഒരു ശ്രമവും നടത്താറില്ല.

കൃത്യമായി റിപ്പോർട്ട് ചെയ്യാതിരിക്കുകയും പിരിച്ചെടുക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്യുമ്പോൾ കുടിശ്ശിക പെരുകി ആയിരക്കണക്കിന് കോടികളിലെത്തുന്നത് സ്വാഭാവികമാണ്. പലപ്പോഴും പിന്നീടത് എഴുതിത്തള്ളാൻ ശുപാർശ ചെയ്യുകയാണ് പതിവ്. എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട 1,905 കോടിയുടെ കുടിശ്ശിക എഴുതിത്തള്ളാൻ വകുപ്പ് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിന് പുറമെയാണ് കുടിശ്ശിക വസൂലാക്കാൻ ശ്രമിക്കുമ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് വരുന്ന സ്റ്റേ ഉത്തരവുകൾ. കോടതി നൽകുന്ന സ്റ്റേകളെക്കാൾ അധികമാണിത്. ഇത്തരം നടപ‌ടികൾ സർക്കാരിന് വരുമാനക്കുറവുണ്ടാക്കാൻ കാരണമാകുമെന്ന് റിപ്പോർട്ട് പറയുന്നു.

സെസിനു പിന്നിൽ

മറ്റു താത്പര്യങ്ങളില്ല: ധനമന്ത്രി

ഇന്ധന സെസ് ജനങ്ങൾക്കുവേണ്ടിയാണ് ഏർപ്പെടുത്തിയതെന്നും അതിന് പിന്നിൽ മറ്റ് താത്പര്യങ്ങളില്ലെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. റവന്യു കുടിശ്ശിക പെരുകുന്നത് അപകടകരമായ സ്ഥിതിയാണ്. വിവിധ വകുപ്പുകൾ നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കാനുള്ള തുക സർക്കാരിലേക്കെത്താൻ നിയമഭേദഗതി ആവശ്യമാണ്. വാറ്റിന്റെ സമയത്തുള്ള കുടിശ്ശിക പിരിക്കാൻ നിയമപ്രശ്നങ്ങളുണ്ട്. ജി.എസ്.ടിയിലേതുപോലെ പെറ്റീഷൻ കൊടുക്കാനും നിയമപ്രക്രിയയിലൂടെ വലിയ തുകകളുടെ കുടിശ്ശിക തീർക്കാനും ഭേദഗതിയിലൂടെ കഴിയും. സർക്കാർ അതേക്കുറിച്ച് ആലോചിക്കുകയാണ്. കേസിൽ ഉൾപ്പെട്ടതിനാൽ പിരിച്ചെടുക്കാൻ കഴിയാത്ത നികുതിയുമുണ്ട്. ചിലത് റവന്യു റിക്കവറിയുടെ ഘട്ടത്തിലാണ്.

സി.എ.ജി റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ച് തുടർനടപടി സ്വീകരിക്കും.

ഇന്ധനസെസ് ഏർപ്പെടുത്തിയ സാഹചര്യം എല്ലാവരും മനസ്സിലാക്കണം. കേന്ദ്രം സംസ്ഥാനത്തെ കൂടുതൽ ഞെരുക്കുന്ന സാഹചര്യത്തിലാണ് നികുതി വർദ്ധിപ്പിച്ചത്.

ഇക്കൊല്ലത്തെ നികുതി

കുടിശ്ശികയുടെ സ്ഥിതി

(കോടിയിൽ)

ആകെ- 12,923

റവന്യു സ്റ്റേ- 6,739

കോടതി സ്റ്റേ- 4,897

മറ്റുനടപടികളിൽ പെട്ടത്- 1,287