അധികനികുതി ഈടാക്കുന്നത് ദ്രോഹം: വി.മുരളീധരൻ

Saturday 11 February 2023 12:36 AM IST

ന്യൂഡൽഹി: അടച്ചിട്ട വീടിന് അധിക നികുതി ചുമത്തി കേരള സർക്കാർ പ്രവാസികളെ ദ്രോഹിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിൽ തൊഴിലെടുക്കാൻ പറ്റാത്ത സാഹചര്യമുള്ളത് കൊണ്ടാണ് പലരും പ്രവാസം തിരഞ്ഞെടുക്കുന്നത്. അവരെ വീണ്ടും ദ്രോഹിക്കുന്ന സമീപനം പാടില്ല. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ തന്റെ വീട് മാത്രമല്ല ഏത് വീടും ആക്രമിക്കപ്പെട്ടേക്കാം. അടച്ചിട്ട വീടുകൾക്ക് നികുതിയല്ല സുരക്ഷയാണ് സർക്കാർ ഉറപ്പാക്കേണ്ടത്. നികുതി വർദ്ധനയിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ഉയർത്തുന്ന ആരോപണങ്ങൾ പച്ചക്കള്ളമാണ്. കേരളത്തിന് അർഹതപ്പെട്ടത് കേന്ദ്രം നൽകുന്നുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതെന്ന് പറയാൻ മുഖ്യമന്ത്രിക്ക് അസാമാന്യ തൊലിക്കട്ടി വേണം. റവന്യൂ ചെലവിന്റെ നല്ല പങ്ക് പോകുന്നത് വികസനത്തിനല്ല. വികസനത്തിന് പണം ചിലവാക്കുന്നുവെന്ന് പറയുന്നവരുടെ ധൂർത്ത് ജനം മനസിലാക്കുന്നുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.