കനാലിന്റെ ഫുട്പാത്തും റോഡും വിണ്ടുകീറുന്നു ഇരുമ്പുപാലം ഭീഷണി,   ഇടിഞ്ഞുതാണ് ഭൂമി

Saturday 11 February 2023 12:45 AM IST
കനോലി കനാലിന് കുറുകെ സ്വകാര്യ കമ്പനി സ്ഥിരമായി ഇരുമ്പുപാലം സ്ഥാപിച്ചതിനെ തുടർന്ന് റോഡ് അടക്കമുള്ളവ വീണ്ടുകീറി കനോലി കനാലിലേക്ക് ഇടിയുന്നു

കോഴിക്കോട്: സരോവരം പാർക്കിന് സമീപം കനോലി കനാലിന് കുറുകെ സ്ഥാപിച്ച ഇരുമ്പുപാലം ഭീഷണിയുയർത്തുന്നു.

താത്കാലികമായി സ്ഥാപിച്ച് പിന്നീട് സ്ഥിരമാക്കിയിരിക്കുന്ന ഇരുമ്പുപാലം മൂലം കനാലിന്റെ വശങ്ങളും ഈ ഭാഗത്തെ ഭൂമിയും ഇടിഞ്ഞു താഴുന്നതായാണ് നാട്ടുകാർ പറയുന്നത്. സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിന് സമീപം സ്വകാര്യ കച്ചവടസ്ഥാപനങ്ങളും വ്യക്തികളും ചേർന്ന് പരിപാടികൾ നടത്തുന്നതിനായാണ് കനോലി കനാലിന് കുറുകെ ടൺകണക്കിന് ഭാരമുള്ള ഇരുമ്പുപാലം സ്ഥാപിച്ചത്. അശാസ്ത്രീയമായി സ്ഥാപിച്ച പാലം മൂലം കനാലിന്റെ കൈവരിയും ഫുട്പാത്തും ടാറിട്ട റോഡും വിണ്ടുകീറി താഴ്ന്ന നിലയിലാണിപ്പോൾ. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള കനോലി കനാലുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും നികുതി നൽകാതെ വകുപ്പിന്റെ താത്കാലിക അനുമതി മാത്രം സംഘടിപ്പിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. വൻ തുക ഈടാക്കിയാണ് സ്വകാര്യ വ്യക്തികൾ ഇവരുടെ ഭൂമിയും ഹാളും വാടകയ്ക്ക് നൽകുന്നത്. സ്വകാര്യ വ്യക്തികൾ സംഘടിപ്പിക്കുന്ന പരിപാടികളാണ് ഇവിടെ നടക്കാറുള്ളത്. സെന്റർ ആരംഭിച്ച നാൾ മുതൽ കനോലി കനാലിന് കുറുകെ ഇവർ ടൺ കണക്കിന് ഭാരമുള്ള ഇരുമ്പ് പാലം സ്ഥാപിച്ചും ഇരുമ്പ് കൈവരികൾ മുറിച്ചും നിരന്തരം പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. ഇതോടെ കനാലിന്റെ കരിങ്കൽ കൈവരിയും ഫുട്പാത്തും സരോവരം റോഡിന്റെ പകുതിയോളം വരുന്ന ഭാഗവും കനാലിലേക്ക് ഏതു നിമിഷവും ഇടിഞ്ഞു വീഴുന്ന സാഹചര്യമാണുള്ളത്. കനോലി കനാലിന്റെ സ്വഭാവിക ഒഴുക്കിനെ പോലും ഇത് സാരമായി ബാധിക്കും.ഭൂമി താഴ്ന്നു കൊണ്ടിരിക്കുന്ന സംഭവത്തിൽ ജില്ലാകളക്ടർക്ക് പരാതി ലഭിച്ചിട്ടുണ്ട്.

നിർമ്മാണ പ്രവൃത്തികൾക്ക് മേലിൽ അനുമതി നൽകരുത്. നിർമ്മാണം മൂലം റോഡിനും കൈവരിക്കും മറ്റും സംഭവിച്ച തകരാറുകൾക്ക് ഉടനടി പരിഹാരം കാണണം.

സതീഷ് പാറന്നൂർ

ബി.ജെ പി സംസ്ഥാന സമിതി അംഗം