അശ്രദ്ധയോടെ വാഹനം ഓടിക്കാൻ അനുവദിക്കരുത്
കൊച്ചി: റോഡിൽ വാഹനങ്ങൾ എങ്ങനെയുമോടിക്കാമെന്ന ധാരണ മാറ്റണമെന്ന് ഹൈക്കോടതി. അശ്രദ്ധയോടെ വാഹനമോടിക്കാൻ ആരെയും അനുവദിക്കരുത്. സ്കൂൾ ബസുകളിലും മറ്റും അമിതവേഗത്തെക്കുറിച്ച് പരാതിപ്പെടാൻ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത് സ്വകാര്യബസുകളിൽ സാദ്ധ്യമാണോ എന്ന് പരിശോധിക്കണം. അമിതവേഗത്തെക്കുറിച്ച് പരാതി ലഭിച്ചാൽ ഉടൻ നടപടി വേണമെന്നും എറണാകുളത്ത് ബൈക്ക് യാത്രക്കാരൻ സ്വകാര്യ ബസിനടിയിൽപ്പെട്ടുമരിച്ച സംഭവത്തെത്തുടർന്ന് സ്വമേധയാ പരിഗണിച്ച കേസിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊലീസിനോട് നിർദ്ദേശിച്ചു.
നഗരത്തിൽ മണിക്കൂറിൽ 35 കിലോമീറ്ററാണ് അനുവദനീയമായ വേഗതയെന്ന് കോടതി നിർദ്ദേശ പ്രകാരം ഹാജരായ കൊച്ചി ഡി.സി.പി എസ്. ശശിധരൻ വിശദീകരിച്ചു. ഹോൺ പാടില്ലെന്നും ന്യുമാറ്റിക് ഡോറുകൾ വേണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ച് ബസ് ഓടിച്ച ഒരു ഡ്രൈവറെ അടുത്തിടെ പിടികൂടി. നഗരത്തിൽ ട്രാഫിക് ലംഘനം നിരീക്ഷിക്കാൻ കൺട്രോൾ റൂം ഉൾപ്പെടെ സംവിധാനങ്ങളുണ്ടെന്നും പറഞ്ഞു.