പെരിന്തൽമണ്ണ: പോസ്റ്റൽ ബാലറ്റുകളടക്കം പരിശോധിക്കാൻ അനുമതി

Friday 10 February 2023 10:59 PM IST

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റുകളടക്കമുള്ള ഇലക്ഷൻ രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് കേസിൽ കക്ഷികളായ സ്ഥാനാർത്ഥികൾക്കും അവരുടെ അഭിഭാഷകർക്കും ഇലക്ഷൻ കമ്മിഷന്റെ അഭിഭാഷകനും ഹൈക്കോടതി ജുഡിഷ്യൽ രജിസ്ട്രാറുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഫെബ്രുവരി 15 ന് ഉച്ചക്ക് ഒന്നരയ്ക്കു പരിശോധന നടത്താൻ ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദ്ദേശിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ നിന്ന് നജീബ് കാന്തപുരം

തിരഞ്ഞെടുക്കപ്പെട്ടതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഇടതു സ്വതന്ത്രനായി മത്സരിച്ച കെ.പി.എം മുസ്‌തഫ നൽകിയ ഹർജിയാണ് ഹൈക്കോടതിയിലുള്ളത്. പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെയുള്ള ഇലക്ഷൻ രേഖകൾ ഹാജരാക്കാൻ നേരത്തെ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇവയിൽ സാധുവായ 482 പോസ്റ്റൽ വോട്ടുകൾ കാണാതായെന്ന് വ്യക്തമാക്കി പെരിന്തൽമണ്ണ സബ് കളക്ടർ റിപ്പോർട്ട് നൽകി. ശേഷിച്ച ഇലക്ഷൻ രേഖകൾ ഹൈക്കോടതിയിൽ സമർപ്പിച്ചു.ഇവയിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ അനുവദിക്കണമെന്ന് ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ കക്ഷികൾ ആവശ്യപ്പെട്ടു. തുടർന്നാണ് ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കാൻ അനുമതി നൽകിയത്.

പെരിന്തൽമണ്ണയിൽ നിന്ന് മുസ്ലിം ലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരം 38 വോട്ടുകൾക്കാണ് വിജയിച്ചത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് 340 പോസ്റ്റൽ വോട്ടുകൾ എണ്ണാതെ മാറ്റി വച്ചെന്നും ,ഇതിൽ 300 ഓളം വോട്ടുകൾ തനിക്കാണ് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് മുസ്തഫ ഇലക്ഷൻ ഹർജി നൽകിയത്. ഹർജി 16 നു വീണ്ടും പരിഗണിക്കും.

Advertisement
Advertisement