ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോ. സംസ്ഥാന സമ്മേളനം തുടങ്ങി

Friday 10 February 2023 11:01 PM IST

* കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) 59-ാം സംസ്ഥാന സമ്മേളനം എറണാകുളം മറൈൻഡ്രൈവിൽ തുടങ്ങി. മൂന്നുദിവസത്തെ സമ്മേളനത്തോടനുബന്ധിച്ച് സെമിനാറുകൾ,ആധുനിക ഹോട്ടൽ ഉപകരണങ്ങളുടെ പ്രദർശനം, ബിസിനസ് മീറ്റ് തുടങ്ങിയവയും കലാപരിപാടികളുമുണ്ട്.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പതാക ഉയർത്തി. മേയർ എം. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് 'ഭക്ഷണ മേഖലയും ഭക്ഷ്യ സുരക്ഷയും' സെമിനാർ ബാംബൂ കോർപ്പറേഷൻ ചെയർമാൻ ടി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. വൈകിട്ട് കുടുംബസംഗമം തുറമുഖ മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഇന്ന് 2.30ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഹോട്ടൽ മേഖലയിൽ മികവ് തെളിയിച്ചവരെ വ്യവസായമന്ത്രി പി. രാജീവും മികച്ച തൊഴിലാളികളെ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലും ആദരിക്കും. എമർജിംഗ് ജില്ലയ്ക്കുള്ള പുരസ്‌കാരം ഹൈബി ഈഡൻ എം.പി സമ്മാനിക്കും. രാവിലെ പത്തിന് വിവിധ വ്യാപാര സംഘടനാ പ്രതിനിധികൾ പങ്കെടുക്കുന്ന ബിസിനസ് മീറ്റ് നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 11ന് പ്രതിനിധി സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള മുഖ്യപ്രഭാഷണം നടത്തും. തമിഴ്‌നാട് ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് വെങ്കിടസുബ്ബു മുഖ്യാതിഥിയാകും. തൊഴിലാളിക്ഷേമ നിധിയെക്കുറിച്ച് കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളിക്ഷേമനിധി ബോർഡ് സി.ഇ.ഒ എം. ഷജീന വിശദീകരിക്കും. നാലിന് വാർഷിക പൊതുയോഗം.