സംസ്ഥാന ക്ഷീര സംഗമത്തിന് തുടക്കം

Friday 10 February 2023 11:04 PM IST
ksheerasangamam

തൃശൂർ: സംസ്ഥാന ക്ഷീരസംഗമം 'പടവ് " മണ്ണുത്തി വെറ്ററിനറി കോളേജ് കാമ്പസിൽ റവന്യൂ മന്ത്രി കെ.രാജൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ക്ഷീരസംരക്ഷണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടായ കാലഘട്ടമാണിതെന്നും കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണങ്ങൾ എന്നിവയുടെ ഉത്പാദനവും സംഭരണവും വിതരണവും വിപണനവും ഉറപ്പുവരുത്താൻ കഴിയുന്ന ബില്ല് നിയമസഭയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇത് സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. പാൽ, മുട്ട, മാംസം എന്നിവയുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യവുമായാണ് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ക്ഷീര വികസന വകുപ്പ്, മിൽമ, കേരള ഫീഡ്‌സ്, കെ.എൽ.ഡി ബോർഡ്, വെറ്ററിനറി സർവകലാശാല, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരസംഘങ്ങൾ, ക്ഷീരകർഷക ക്ഷേമനിധി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.