പാഴ്സലുകളിൽ സ്റ്റിക്കറില്ല, 40 സ്ഥാപനങ്ങൾക്ക് നോട്ടീസ്

Friday 10 February 2023 11:06 PM IST

16 മുതൽ കർശനം

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകൾ വിൽക്കുന്നവരെ കണ്ടെത്താൻ പരിശോധന തുടങ്ങി. ആദ്യ ഘട്ടത്തിൽ നോട്ടീസ് നൽകി താക്കീതിൽ ഒതുക്കും. 16 മുതൽ പിഴ ചുമത്തും. ഈമാസം ഒന്ന് മുതൽ സ്റ്റിക്കർ പതിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. സ്റ്റിക്കർ പതിക്കാത്ത 40 സ്ഥാപനങ്ങൾക്ക് ഇന്നലെ നോട്ടീസ് നൽകി.

ജീവനക്കാരുടെ ഹെൽത്ത് കാർഡ് പരിശോധനയും കർശനമാക്കും. കടയുടെ വലിപ്പം, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ പിഴ തുക നിശ്ചയിക്കും. ജില്ലാ ഭക്ഷ്യസുരക്ഷ ഓഫീസർമാർക്കാണ് ഇതിന്റെ ചുമതല.

അതേസമയം ഇന്നലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് 321 സ്ഥാപനങ്ങൾ പരിശോധിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ച 7 സ്ഥാപനങ്ങൾ അടപ്പിച്ചു. 62 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 21 പരിശോധനകളാണ് നടത്തിയത്. 25 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.