വാതിൽ ചവിട്ടിത്തുറക്കൽ -- പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റിന് സസ്പെൻഷൻ
തിരുവനന്തപുരം: ഡി.സി.സി യോഗം നടക്കുന്നതിനിടെ ഓഫീസിന്റെ വാതിൽ ചവുട്ടിത്തുറക്കാൻ ശ്രമിച്ചതിന് പത്തനതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് ബാബുജോർജിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ സസ്പെന്റ് ചെയ്തു. ഡൽഹിയിലുള്ള കെ. സുധാകരൻ തിരിച്ചെത്തിയ ശേഷം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് തുടർനപടി സ്വീകരിക്കും.
വാതിൽ ചവുട്ടിത്തുറക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിനെതുടർന്ന് കെ.പി.സി.സി പത്തനംതിട്ട ജില്ലാ നേതൃത്വത്തോട് വിശദീകരണം ചോദിച്ചിരുന്നു. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ റിപ്പോർട്ട് നൽകി. ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീർ നൽകിയ റിപ്പോർട്ടിന്റെയും കൂടി അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ശനിയാഴ്ച പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ നിന്ന് അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുൻ പ്രസിഡന്റുമാരായ പി.മോഹൻരാജ്, കെ.ശിവദാസൻ നായർ, ബാബു ജോർജ് എന്നിവർ ഇറങ്ങിപ്പോയിരുന്നു. എന്നാൽ പ്രകോപിതനായ ബാബുജോർജ് തിരികെവന്ന് പ്രസിഡന്റിന്റെ മുറിയുടെ കതകിൽ ചിവിട്ടുകയായിരുന്നു. ഇതിന്റെ ദൃശ്യം അടക്കമാണ് കെ.പി.സി.സിക്ക് പരാതി നൽകിയത്.