കവർച്ച പിടിക്കാനെത്തിയ നായയ്ക്ക് തേങ്ങവീണ് പരിക്ക്

Friday 10 February 2023 11:12 PM IST

തേഞ്ഞിപ്പലം: അടച്ചിട്ട വീട് കുത്തിത്തുറന്ന് ആഭരണം കവർന്ന സംഭവത്തിൽ തെളിവെടുപ്പിനെത്തിച്ച പൊലീസ് നായയുടെ തലയിൽ തേങ്ങ വീണ് പരിക്ക്. നായയുടെ മൂക്കിൽ നിന്നു ചോര വന്നതിനാൽ കൂടുതൽ തെളിവെടുപ്പിന് മുതിരാതെ പൊലീസ് തിരിച്ചുപോയി. പരിക്ക് സാരമുള്ളതല്ലെന്ന് ഡോഗ് സ്‌ക്വാഡ് അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മലപ്പുറത്ത് നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും മോഷണം നടന്ന എളമ്പുലാശ്ശേരി സ്‌കൂളിന് സമീപത്തെ വി.പി. മുരളീധരന്റെ വീട്ടിൽ തെളിവെടുപ്പിനെത്തിയത്. കവർച്ചക്കാർ ഉപേക്ഷിച്ച സാധനങ്ങൾ മണം പിടിച്ച് പോകുന്നതിനിടെ കണ്ടാരിപ്പാടം റോഡിൽ നിലത്ത് വീണ നാളികേരം തെറിച്ച് നായയുടെ തലയിൽ ശക്തിയായി പതിച്ചു.

ബുധനാഴ്ച പകൽ വീട്ടിൽ ആളില്ലാത്ത സമയത്ത് പിൻവാതിൽ തുറന്നുകയറി കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവന്റെ ചെയിൻ മോഷ്ടിക്കുകയായിരുന്നു. മുരളീധരന്റെ ഭാര്യ ജോലിക്കും കുട്ടികൾ സ്‌കൂളിലും പോയ സമയത്തായിരുന്നു മോഷണം. മുരളീധരൻ അമ്മയെ കണ്ണ് ശസ്ത്രക്രിയയ്ക്കായി കോഴിക്കോട്ടേക്കും കൊണ്ടുപോയിയിരുന്നു. വൈകിട്ട് വീട്ടുകാർ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.