കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ പിടിയിൽ
Friday 10 February 2023 11:17 PM IST
കയ്പമംഗലം : ആയിരം രൂപ പഞ്ചായത്ത് മെമ്പറിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കയ്പമംഗലം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് പിടികൂടി. പി.ആർ.വിഷ്ണുവിനെയാണ് വിജിലൻസ് ഡിവൈ.എസ്.പി സി.ജി ജിംപോളും സംഘവും അറസ്റ്റ് ചെയ്തത്. ചളിങ്ങാട് സ്വദേശി തോട്ടുപറമ്പത്ത് ഷഹർബാന് വീടിന്റെ അറ്റകുറ്റപണിക്കായി തുക അനുവദിക്കുന്നതിനാണ് ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഈ വിവരം ഷഹർബാൻ പഞ്ചായത്ത് അംഗമായ വി.ബി ഷഫീക്കിനെ അറിയിച്ചു. തുടർന്ന് ഷഹർബാന് രണ്ടാം ഗഡുവായ 25,000 രൂപ അനുവദിക്കണമെന്ന ആവശ്യവുമായെത്തിയ പഞ്ചായത്ത് അംഗത്തോടും വി.ഇ.ഒ ആയിരം രൂപ ആവശ്യപ്പെട്ടു. പഞ്ചായത്തംഗം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ ആയിരം രൂപ വിഷ്ണുവിന് കൈമാറിയതും കൈയോടെ പിടികൂടുകയായിരുന്നു.